തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകനെ പിടികൂടാൻ പോലീസിന് ഇതുവരെക്കും സാധിച്ചിച്ചില്ല. പ്രതിയ്ക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ പൂന്തുറ സ്വദേശി ബെയ്ൻ ദാസിന് വേണ്ടി രണ്ട് ദിവസമായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെക്കും കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്ത് നിന്നും കഴക്കൂട്ടം വരെ കാറിൽ പോയശേഷം ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും പോലീസ് വിവരശേഖരണം നടത്തി. പ്രതിയുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് സംഘങ്ങളായി അന്വേഷണം തുടരുകയാണെന്നാണ് വഞ്ചിയൂർ പോലീസ് വ്യക്തമാക്കുന്നത്.
അതേ സമയം തന്നെ ക്രൂരമായി മർദ്ദിച്ച ബെയ്ൻ ദാസ് ഇനിയൊരിക്കലും അഭിഭാഷകനായി കോടതിയിൽ കയറരുതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് മർദ്ദനത്തിനിരയായ ശ്യാമിലി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ ബാർ അസോസിയേഷൻ ഭാരവാഹികൾ തടഞ്ഞുവെന്ന് ശ്യാമിലി ആരോപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം.ഇയാളുടെ ഓഫീസിലെ ജൂനിയറായിരുന്നു ശ്യാമിലി. കഴിഞ്ഞയാഴ്ച ജോലിയിൽ നിന്നും നീക്കം ചെയ്ത ശ്യാമിലിയെ വീണ്ടും തിരികെ വിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു.
തന്നെ ജോലിയിൽ നിന്നും മാറ്റാനുള്ള കാരണം ചോദിച്ചപ്പോഴാണ് ക്രൂരമായി മർദ്ദിച്ചതെന്ന് യുവതി പോലീസിൽ മൊഴി നൽകി. കണ്ണിനും താടിയെല്ലിനും മർദ്ദനമേറ്റു. നിലത്ത് വീണിട്ടും മർദ്ദിച്ചെന്നാണ് യുവതി വ്യക്തമാക്കിയത്.മുഖത്ത് ക്രൂര മർദ്ദനമേറ്റ ശ്യാമിലി ബാർ കൗണ്സിലിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ആറ്മാസക്കാലത്തേക്ക് ബെയ്ലിനെ സസ്പെൻഡ് ചെയ്തിരുന്നു.