ചെങ്ങന്നൂർ: യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഐസ്ലാൻഡ് ദേശീയ ടീമിലേക്ക് മലയാളി താരം തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ സ്വദേശിയായ അക്ഷയ് ജ്യോതിനാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. വലംകൈയൻ മുൻനിര ബാറ്ററും ലെഗ് സ്പിന്നറുമായ അക്ഷയ്, മുൻപ് കേരള അണ്ടർ-19 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ പൂവത്തൂർ ജ്യോതിയുടെയും ഷീബ ജ്യോതിയുടെയും മകനായ അക്ഷയ്, ചെങ്ങന്നൂർ പെരിങ്ങിലിപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി മാനേജിംഗ് ഡയറക്ടറും ഹെഡ് കോച്ചുമായ സന്തോഷ് കുമാറിന്റെ ശിക്ഷണത്തിലാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.
യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ മലയാളി താരം എന്ന പ്രത്യേകതയും അക്ഷയിനുണ്ട്. ഭാര്യ മിരിയയും ഒരു വയസുള്ള മകൾ നതാലിയയും അടങ്ങുന്നതാണ് അക്ഷയിന്റെ കുടുംബം.
യൂറോപ്യൻ ക്രിക്കറ്റ് ഫെഡറേഷന്റെ കീഴിലുള്ള ഈ ടൂർണമെന്റിൽ പോളണ്ട്, യുക്രയ്ൻ, ലിത്വാനിയ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ 9 മുതൽ 14 വരെ പോളണ്ടിലെ വാർസൊയിലാണ് ടൂർണമെന്റ്.