തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാനസികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ എഡിജിപിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് . വെങ്കിടേഷാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയത്.
അന്യായമായി യുവതിയെ കസ്റ്റഡിയിൽ വച്ച് അപമാനിച്ച സംഭവം വിവാദമായതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സ്ത്രീകളോട് ഉൾപ്പെടെ മാന്യമായി പെരുമാറണമെന്ന് എഡിജിപി പോലീസുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവവും പരാതിയേയും കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ചായിരിക്കും തുടർ അന്വേഷണം നടത്തുക.
സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഒരു എസ്ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വകുപ്പ്തല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി വന്നേക്കും.പാലോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയെയാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും അവഹേളിക്കുകയും ചെയ്തത്.
കുടിയ്ക്കാൻ വെള്ളം പോലും നൽകിയില്ലെന്നും ചെയ്യാത്ത കുറ്റത്തിന് തന്നെ കള്ളിയാക്കിയെന്നും അപമാനിച്ചെന്നുമാണ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. പേരൂർക്കടയിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു ബിന്ദു. സ്വർണമാല നഷ്ടപ്പെട്ടെന്ന് കാട്ടി വീട്ടുടമ നൽകിയ പരാതിയിലാണ് ബിന്ദു വിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
താൻ മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിക്കാതെ ക്രൂരമായി അപമാനിച്ചുവെന്നും പിന്നീട് കാണാതായെന്ന് പറഞ്ഞ മാല പരാതിക്കാരുടെ വീട്ടിൽനിന്നു കണ്ടെടുക്കുകയായിരുന്നു.