ബംഗളൂരു: നൂറുരൂപ നല്കാത്തതിൽ രോഷാകുലനായ യുവാവ് മുത്തശിയെ അമ്മിക്കല്ല് തലയിലിട്ടു കൊന്നു. കർണാടകയിലെ കൊപ്പാള് കനകഗിരിയിലാണു സംഭവം.
കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. തൊഴില്രഹിതനായ ചേതൻകുമാർ വീട്ടുകാരില്നിന്നു പണം വാങ്ങുന്നതു പതിവായിരുന്നു.
മറ്റാരും പണം നൽകാതെ വന്നപ്പോൾ മുത്തശിയോടു നൂറുരൂപ ചോദിച്ചു. എന്നാല്, ജോലിക്കു പോകാത്ത ചേതൻകുമാറിന് പണം നല്കാൻ കനകമ്മ തയാറായില്ല.
പണം അച്ഛനോടു ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് കനകമ്മയെ കൊല്ലുകയായിരുന്നു. സംഭവത്തില് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.