തിരുവനന്തപുരം: ഡോ. ഹാരിസിനെ തള്ളി സിപിഎമ്മും മന്ത്രിമാരും, തള്ളിപ്പറയാതെ സിപിഐ. മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരേ സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്തെത്തി തള്ളിപ്പറഞ്ഞപ്പോള്‍ നിലപാട് മയപ്പെടുത്തി സിപിഐ രംഗത്തെത്തി.
ഹാരിസിന്റെ തുറന്നുപറച്ചില്‍ പൊതുജനാരോഗ്യ രംഗത്തെ പുരോഗതിയെ കുറച്ചുകാണിക്കാനും തെറ്റിദ്ധാരണ പരത്താനും ഇടയാക്കിയെന്നു പാര്‍ട്ടിപത്രമായ ദേശാഭിമാനി വിലയിരുത്തി. ഹാരിസ് നടത്തിയതു തിരുത്തല്‍ അല്ലെന്നും തകര്‍ക്കല്‍ ആണെന്നുമാണ് ദേശാഭിമാനിയുടെ നിലപാട്.
ഹാരിസിന്റെ അഭിപ്രായം പ്രതിപക്ഷത്തിന് സര്‍ക്കാരിനുനേരേ തിരിയാനുള്ള ആയുധം നല്കല് ആയിരുന്നുവെന്നും ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിച്ച് കാണിക്കുകയാണു ചെയ്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിപ്രായപ്പെട്ടത്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത നടപടികളും അഭിപ്രായങ്ങളുമാണു ഹാരിസ് നടത്തിയത്. ആരോഗ്യവകുപ്പിനു പൂര്‍ണപിന്തുണ നല്‍കിയും ഹാരിസിനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം എല്ലാം നേരേയാകണമെന്ന ഉദ്യേശത്തോടെയാകാം അദ്ദേഹം കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ കുനുഷ്ട് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. സര്‍വീസ് ചട്ടങ്ങള്‍ ഹാരിസ് ലംഘിച്ചോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡോക്ടറുടെ വിമര്‍ശനം അങ്ങേയറ്റം ഖേദകരമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. സ്വകാര്യ മേഖലയിലെ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടിയാണോ ഡോക്ടര്‍ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഡോ. ഹാരിസിന്റെ നിലപാടുകള്‍ക്കു പിന്തുണയെന്നു ഡോക്ടര്‍മാരുടെ സംഘടന കെജിഎംസിടിഎ. ഡോക്ടര്‍ക്കെതിരേ നടപടിയെടുത്താല്‍ പ്രതിരോധിക്കുമെന്നും സംഘടനാനേതാക്കള്‍ വ്യക്തമാക്കി.