തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില് കേരള സര്വകലാശാല വൈസ് ചാന്സലര്ക്കെതിരേ രൂക്ഷ വിമര്ശനവുമായി ഇടത് സെനറ്റ് അംഗങ്ങള്. പത്മനാഭ സേവ സമിതി സംഘടിപ്പിച്ച പരിപാടിയില് ഉണ്ടായ സംഭവ വികാസങ്ങളുടെ പേരില് രജിസ്ട്രാര്ക്കെതിരേ വിസി നല്കിയ റിപ്പോര്ട്ടാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്.
അടിയന്തരമായി സെനറ്റ് യോഗം വിളിക്കണമെന്ന് ഇവര് വിസിയോട് ആവശ്യപ്പെട്ടു. സര്വകലാശാലാചട്ടങ്ങള്ക്കു വിരുദ്ധമായി നടത്തിയ പരിപാടി ആയതിനാലാണ് രജിസ്ട്രാര് അനുമതി നിഷേധിച്ചത്. എന്നാല് രജിസ്ട്രാറെ വിസി ഒറ്റുകൊടുത്തുവെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ ആരോപണം.
സെനറ്റ് ഹാളില് നടന്ന സംഘര്ഷത്തില് രജിസ്ട്രാര് സ്വീകരിച്ച നടപടി ഗവര്ണറെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആരോപണം ഉയര്ന്നിരുന്നു. ഇതേത്തുടര്ന്ന് ഗവര്ണര് വിസിയോട് വിശദീകരണം തേടിയിരുന്നു. ഗവര്ണര്ക്ക് വൈസ് ചാന്സലര് മോഹന് കുന്നുമ്മേല് നല്കിയ റിപ്പോര്ട്ടില് രജിസ്ട്രാര്ക്കെതിരേ ഗൗരവമായ കുറ്റപ്പെടുത്തലുണ്ടായിരുന്നു.
ഇതാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും വൈസ് ചാന്സലര്ക്കെതിരേ രംഗത്തുവന്നിരുന്നു.