വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായി തീരുവ വളരെ കുറഞ്ഞ കരാർ നിലവിൽവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വ്യത്യസ്തമായ കരാറാണു നടപ്പിലാക്കുകയെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ മത്സരിക്കാനാകുന്ന വ്യാപാര കരാറിൽ യുഎസിന് അന്തിമരൂപം നൽകാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് കമ്പനികൾക്കുള്ള നികുതി കുറയ്ക്കാൻ ഇന്ത്യ തയാറാണെന്നും, ഏപ്രിൽ രണ്ടിനു പ്രഖ്യാപിച്ച 26 ശതമാനം നിരക്ക് ഒഴിവാക്കുന്നതിനുള്ള കരാറിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര താരിഫുകൾ 90 ദിവസത്തേക്കു നിർത്തിവച്ചിരുന്നു എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് പ്രാബല്യത്തിൽ തുടർന്നു.
ട്രംപ് ഭരണകൂടവുമായി കരാറിൽ ധാരണയിലെത്തുന്നതിനും ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ പ്രതിനിധിസംഘമായി വാഷിംഗ്ടണിൽ ചർച്ച നടന്നിരുന്നു. ഇന്ത്യൻസംഘത്തെ നയിക്കുന്ന സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ഇന്നുകൂടി യുഎസിൽ തുടരും.