ഒരു വശത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ യാചിക്കുമ്പോള്‍ മറുവശത്ത് സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സുകള്‍ കുത്തനെ ഉയര്‍ത്തി! ഉയര്‍ത്തിയത് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് കുറച്ച അലവന്‍സുകള്‍

പ്രളയസഹായം നല്‍കുന്നതിനായി ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നടക്കം ഓരോ ചില്ലിത്തുട്ടും സ്വരുക്കൂട്ടുകയുമാണ്. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ പലര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരിക്കുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചവര്‍ക്ക് വിവിധ ഭീഷണികളും നേരിടേണ്ടി വരുന്നുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത വലിയ ത്യാഗം ചെയ്ത് ശമ്പളം നല്‍കുന്നവരെ പ്രകോപിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ ഓരോ ചില്ലിത്തുട്ടും സ്വരൂപിക്കുമ്പോള്‍ സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച സംഭവമാണത്. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പകുതിയാക്കി കുറച്ച അലവന്‍സുകളാണ് പുനസ്ഥാപിച്ചത്.

ധനവകുപ്പിന്റെ ഉത്തരവും മാധ്യമങ്ങളിലൂടെ പുറത്തായിരിക്കുകയാണ്. 7500 രൂപയായിരുന്ന സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് കഴിഞ്ഞ ഏപ്രിലില്‍ 3000 ആക്കി കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിനായി ധനവകുപ്പ് ചൂണ്ടിക്കാട്ടിയ കാരണം.

എന്നാല്‍ ഇപ്പോഴാകട്ടെ പ്രളയദുരിതം നേരിടാനായി സാലറി ചലഞ്ചും ചെലവുചുരുക്കലുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പൊടുന്നനെ സെക്രട്ടറിമാരുടെ ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ഡാറ്റാ അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

പ്രതിമാസം 3000 രൂപയായിരുന്ന ലാന്‍ഡ് ഫോണ്‍, മൊബൈല്‍ അലവന്‍സുകള്‍ 7500 രൂപയാക്കി. പ്രതിവര്‍ഷം ഇന്റര്‍നെറ്റ് ഡാറ്റക്കായി 36,000 രൂപ ചെലവഴിക്കാമായിരുന്നു ഇതാണ് 90,000 ആക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ 30,000 രൂപ മൊബൈല്‍ ഫോണ്‍ വാങ്ങാനായും സെക്രട്ടറിമാര്‍ക്ക് ലഭിക്കും. വാര്‍ത്ത പുറത്തു വന്നതോടെ പ്രതിഷേധങ്ങളും ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്.

Related posts