ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് മൂന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ഹേമന്തിക വാഹി ആണ് തട്ടിപ്പിനിരയായത്. ജൂൺ പത്തിനു തനിക്ക് ഫോൺ കോൾ ലഭിച്ചതായും വിളിച്ചയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് നാല് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചതായി ഹേമന്തിക വാഹി പരാതിയിൽ പറയുന്നു.
ഈ അക്കൗണ്ടുകളിൽനിന്നു കണ്ടെത്തിയ പണം ചൂതാട്ടം, ബ്ലാക്ക് മെയിലിംഗ്, നിയമവിരുദ്ധമായി ആയുധങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിച്ചയാൾ ഹേമന്തികയോടു പറഞ്ഞു.
ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന തുടരെ ഫോൺ കോളുകൾ വരാൻ തുടങ്ങിയെന്നും ബാങ്കുകളിൽ നിക്ഷേപിച്ച തുകയുടെ വിശദാംശങ്ങൾ ചോദിച്ചതായും അഭിഭാഷക പറഞ്ഞു. തുടർന്നാണ് തട്ടിപ്പ് സംഘം അഭിഭാഷകയിൽനിന്നു പണം തട്ടിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.