കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമൊക്കെയായി കേരള സർക്കാർ അടുത്തിടെ എടുത്ത തീരുമാനമാണ് സ്കൂളുകളിൽ സൂംബ പഠിപ്പിക്കണമെന്ന്. സൂംബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇപ്പോഴിതാ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
എന്നാൽ ഈ വീഡിയോ കണ്ട് സൂംബയാണെന്ന് തെറ്റിദ്ധരിക്കണ്ട. മദ്യപിച്ച് ലക്കുകെട്ട് വിദ്യാർഥികളോടൊത്ത് ഡാൻസ് കളിക്കുകയാണ് അധ്യാപകൻ. ഛത്തിസ്ഗഡിലാണ് സംഭവം. ക്ലാസിലെ ആണ് കുട്ടികളെ മാറ്റി നിർത്തി പെണ്കുട്ടികളോടൊത്താണ് സാറിന്റെ ഡാൻസ്. ഛത്തിസ്ഗഡിലെ ബാൽരാംപൂര് ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്ക്കാര് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് പെൺകുട്ടികളുമൊത്ത് മദ്യപിച്ച് ഡാൻസ് ചെയ്യുന്നത്.
അതേസമയം ലക്ഷ്മീ നാരായണന് പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാർഥികളും മാതാപിതാക്കളും പറഞ്ഞു. കൂടാതെ പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.