കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അനേകം ആനിമേഷന്‍ കഥാപാത്രങ്ങളും വീഡിയോകളും ഇന്ന് ഡിജിറ്റല്‍ ലോകത്ത് സജീവമാണ്. പല കുട്ടികളും വിനോദത്തിനും പഠനത്തിനുമായി ഇവ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഓറഞ്ച് പൂച്ചയെ കരുതിയിരിക്കണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. “പൂച്ചയുണ്ട് സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പോടെയാണ് കേരള പോലീസ് എഐ പൂച്ചയുടെ വീഡിയോയ്ക്ക് പിന്നിലെ അപകടം വെളിപ്പെടുത്തിയിരിക്കുന്നത്.
രസകരമായിരിക്കാം; പക്ഷേ…
എല്ലാ ദിവസവും സഹപാഠികളെ ആക്രമിക്കുന്ന ഒരു സ്കൂള്‍ കുട്ടിയെ കേന്ദ്രീകരിച്ചാണ് പോസ്റ്റ്. സഹപാഠികളെ പേനയ്ക്ക് കുത്തി ഉപദ്രവിക്കുന്ന കുട്ടി മറ്റുള്ളവര്‍ കരയുന്നത് വരെ ഈ പ്രവര്‍ത്തി തുടരുന്നതായി പരാതിയുയര്‍ന്നിരുന്നു. അധ്യാപകരോ മുതിര്‍ന്നവരോ വഴക്കുപറഞ്ഞാല്‍ പോലും കൂസലില്ലാതെ ആക്രമണം തുടരുന്ന കുട്ടിയുടെ പ്രവര്‍ത്തിയില്‍ സഹിക്കെട്ട അധ്യാപകര്‍ ഒടുവില്‍ രക്ഷിതാക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു.
കുട്ടിയുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ കാരണം തേടിയപ്പോഴാണ് നിരന്തരമായി ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാറുണ്ടെന്ന വിവരം പുറത്തറിയുന്നത്. ക്രൂരതയും അക്രമ സ്വഭാവവും മുഖമുദ്രയാക്കിയ ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോകള്‍ രസകരമായി തോന്നിയാലും വലിയ പ്രശ്നങ്ങള്‍ കുട്ടികളുടെ ഉള്‍പ്പടെയുള്ള സ്വഭാവത്തിലുണ്ടാക്കിയേക്കാമെന്നാണ് പോലീസ് പറയുന്നത്.
ട്രെന്‍ഡിംഗ് ആണെങ്കിലും…
ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം.
ഇവ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗുമാണ്. ഇത്തരം വീഡിയോകള്‍ ചെറുപ്പത്തില്‍ തന്നെ അനുകരണചിന്ത വളര്‍ത്താനും മറ്റുള്ളവരെ അക്രമിക്കാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നാര്‍സിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും കുട്ടികളെ മാറ്റും.
ഡി ഡാഡില്‍ വിളിക്കാം
കുട്ടികള്‍ എന്ത് കാണുന്നു എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും ആപ്പുകളില്‍ പാരന്റൽ കണ്‍ട്രോണ്‍ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ അധ്യാപകരെ അറിയിക്കുകയും വേണം. ആവശ്യമെങ്കില്‍ പോലീസിന്റെ ഡിജിറ്റല്‍ ഡീ അഡിക്ഷന് (ഡി ഡാഡ്) സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ 94979 00200.
- സ്വന്തം ലേഖിക