സംസ്ഥാനത്ത് സ്വര്ണത്തില് നിക്ഷേപം കണ്ടെത്തുന്നവരുടെ എണ്ണം വര്ധിക്കുന്നു. സ്വര്ണം ആഭരണമായി അണിഞ്ഞിരുന്ന സമ്പ്രദായത്തില്നിന്ന് എക്കാലത്തേയും മികച്ച സമ്പാദ്യം കൂടിയാണിതെന്ന തിരിച്ചറിവാണ് സ്വര്ണ നിക്ഷേപം വര്ധിക്കാന് കാരണം. സംസ്ഥാനത്ത് പ്രതിവര്ഷം വിറ്റഴിക്കുന്നത് ഏകദേശം 300 ടണ് സ്വര്ണമാണ്.
ഇന്ത്യയിലെ മൊത്തം സ്വര്ണ ഉപഭോഗത്തിന്റെ 30 ശതമാനമാണ് കേരളത്തിലെ സ്വര്ണാഭരണത്തിന്റെ വിപണി. ഏകദേശം 25,000 ടണ്ണിനു മുകളിലാണ് ഇന്ത്യന് സ്ത്രീകളുടെ കൈവശമുള്ള സ്വര്ണനിക്ഷേപമെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളിലെ സ്വര്ണനിക്ഷേപങ്ങളെക്കാള് കൂടുതലാണ് ഇന്ത്യന് കുടുംബങ്ങളിലെ സ്വര്ണത്തിന്റെ തോത്.
യുഎസ്എ- 8,133 ടണ്, ജര്മനി- 3,351 ടണ്, ഇറ്റലി- 2,451 ടണ്, ഫ്രാന്സ്- 2,437 ടണ്, റഷ്യ- 2,332 ടണ്, ചൈന- 2,279 ടണ്, സ്വിറ്റ്സര്ലന്ഡ്- 1,039 ടണ് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ സ്വര്ണനിക്ഷേപമുള്ളത്. സ്വര്ണത്തില് നിന്ന് മാത്രമാണ് ഏറ്റവും കൂടുതല് ആദായം ലഭിക്കുന്നതും.
സ്വര്ണവിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടായാലും വര്ഷന്തോറും സ്വര്ണത്തിന്റെ മൂല്യം വര്ധിക്കുന്നുവെന്നതാണ് പലരെയും സ്വര്ണ നിക്ഷേപത്തിലേക്ക് എത്തിക്കുന്നത്. സങ്കീര്ണമായ ഡിസൈനുകള്, കരകൗശല വൈദഗ്ധ്യം, അതുല്യമായ സവിശേഷതകള് എന്നിവയുള്ള സ്വര്ണാഭരണങ്ങള് കാലക്രമേണ മൂല്യം വര്ധിപ്പിക്കുകയും അവയെ ഒരു മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും.
ഈ കലാരൂപങ്ങള് സൃഷ്ടിക്കുന്നതിലെ കലാവൈഭവം, വൈദഗ്ധ്യം, സൂക്ഷ്മത എന്നിവയിലൂടെയാണ് മൂല്യവര്ധന ഉണ്ടാകുന്നത്. പരമ്പരാഗത കരകൗശല വൈദഗ്ധ്യമായാലും ആധുനിക ഡിസൈനുകളായാലും സ്വര്ണാഭരണങ്ങളുടെ മൂല്യം വര്ധിക്കുകയും അവയെ അമൂല്യമായ ഒരു സ്വത്താക്കി മാറ്റുകയും ചെയ്യും.
കേരളത്തില് സ്വര്ണാഭരണങ്ങള് വില്ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്കുമ്പോള് പരമാവധി രണ്ട് ശതമാനം മാത്രമേ അതില് കുറവ് വരുന്നുള്ളൂ. സ്വര്ണാഭരണങ്ങള്ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്റെയും, ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്ക്ക് പണിക്കൂലി കൂടുതലായിരിക്കും.
എത്രകാലപ്പഴക്കം ഉണ്ടായാലും മാറ്റത്തിന് അനുസരിച്ചുള്ള വിപണി വിലക്കനുസൃതമായി വില ലഭിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. തിരികെ വില്ക്കുമ്പോള് ഏത് സാധനത്തിന്റെയും കൂലി നഷ്ടപ്പെടുന്നത് പോലെ തന്നെ സ്വര്ണത്തിന്റെയും നഷ്ടപ്പെടും. എന്നാല്, സ്വര്ണം തിരികെ നല്കുമ്പോള് വിപണി വിലയില് നിന്നും രണ്ട് ശതമാനത്തില് കൂടുതല് കുറയ്ക്കാറില്ല.
ചില സാഹചര്യങ്ങളില് മാര്ക്കറ്റ് വിലയോടനുബന്ധിച്ച് വില ലഭിക്കാറുമുണ്ട്. ഇന്ത്യയില് താരതമ്യേന ഏറ്റവും കുറഞ്ഞ പണിക്കൂലി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റൊരു വസ്തുവിനെ ലഭിക്കാത്ത രീതിയിലുള്ള ബൈ ബാക്കാണ് സ്വര്ണത്തിന് ലഭിക്കുന്നതെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് ജനറല് സെക്രട്ടറി അഡ്വ. എസ്.അബ്ദുൾ നാസര് പറഞ്ഞു.
- സീമ മോഹന്ലാല്