കൊച്ചി: പിറന്നാൾ വസ്ത്രം വാങ്ങാൻ പിതാവിനൊപ്പം പോകാനൊരുങ്ങുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്നു വീണു ഗുരുതര പരിക്കേറ്റ നാലുവയസുകാരൻ മാത്യുവിന് ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയിൽ പുതുജീവൻ. ജീവിതത്തിലേക്കു മടങ്ങിയെത്തിയ കുട്ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം ജന്മദിന മധുരം നുണഞ്ഞു.
തൃപ്പുണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി അൻപുരാജിന്റെ മകനാണ് മാത്യു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരി മെബുറിതിക്ഷയോടു യാത്ര പറയുന്നതിനിടെ കാൽ വഴുതി മാത്യു അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ആദ്യം സൺഷേഡിലും തുടർന്ന് മുറ്റത്തേക്കും തെറിച്ചുവീണു. നിലവിളി കേട്ട് അൻപുരാജും ഭാര്യയും ഓടിച്ചെല്ലുമ്പോൾ കുട്ടിക്കു ബോധമില്ലായിരുന്നു.
ആദ്യം തൃപ്പൂണിത്തുറയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജ്, രാജഗിരി ആശുപത്രികളിലേക്കും കുഞ്ഞിനെ എത്തിച്ചു. കളമശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ കുഞ്ഞിന് അനക്കം നഷ്ടമായി. മാതാപിതാക്കളുടെ നിലവിളികൾക്കിടയിൽ കുഞ്ഞിനു സമയോചിതമായി സിപിആർ നൽകിയത് ആംബുലൻസിന്റെ സഹഡ്രൈവർ ജോമോനായിരുന്നു. ആ പരിശ്രമം വിജയം കണ്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും ഛർദിക്കുകയും ചെയ്തു.
കളമശേരിയിലെ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി ഐസിയു സംവിധാനമുള്ള ആംബുലൻസിൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ജീവനായി മറ്റ് ആംബുലൻസ് ഡ്രൈവർമാരും കൈകോർത്തു. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു, ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സയിൽ പങ്കാളികളായി.
പ്രാഥമിക ചികിത്സയും വേഗത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കാൻ കഴിഞ്ഞതും സങ്കീർണതകൾ ഒഴിവാക്കാൻ സഹായകമായെന്ന് ഡോ.സൗമ്യ മേരി തോമസ് പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മനസിലാക്കി ചികിത്സച്ചെലവ് ആശുപത്രി ഏറ്റെടുത്തു. വണ്ടിവാടക ഒഴിവാക്കി ആംബുലൻസ് ഡ്രൈവർമാരും കൂടെ നിന്നു. അഞ്ചു ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ മാത്യു മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.