എന്ത് കിട്ടിയാലും വായിൽ വയ്ക്കുക എന്നത് ചില കുട്ടികളുടെ ശീലമാണ്. ഇപ്പോഴിതാ 12-കാരനായ കുട്ടിയുടെ വായിൽ നിന്നും ലഭിച്ച വസ്തുക്കൾ കേട്ടാൽ നമ്മൾ ഞെട്ടും. ന്യൂഡൽഹിയിലാണ് സംഭവം. രണ്ട് അഞ്ച് രൂപയുടേയും ഒരു പത്ത് രൂപയുടേയും നാണയമാണ് കുട്ടി വിഴുങ്ങിയത്.
നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ കുട്ടിക്ക് വെള്ളം കുടുക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ വന്നു. അതോടെ മാതാപിതാക്കൾ കുട്ടിയെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ അന്നനാളത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
നാണയം കൊണ്ട് കളിക്കുന്നതിനിടയിലാണ് കുട്ടി അത് വിഴുങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ടയുടൻതന്നെ വീട്ടുകാരോട് ഇക്കാര്യം അവൻ പറഞ്ഞു. വാഴപ്പഴം കഴിച്ചാൽ പെട്ടന്ന് ഇറങ്ങിപ്പോകുമെന്ന് കരുതി വീട്ടുകാർ കുട്ടിയെക്കൊണ്ട് വാഴപ്പഴം കഴിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയുമൊക്കെ ചെയ്യിപ്പിച്ചു. എന്നിട്ടും ഇത് ഇറങ്ങിപ്പോകുന്നില്ലന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർ പരിശോധനയിൽ അന്നനാളത്തിൽ നാണയങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ഈസോഫാഗോസ്കോപ്പി എന്ന മെഡിക്കൽ നടപടിക്രമം ഉപയോഗിച്ച് മൂന്ന് നാണയങ്ങളും പുറത്തെടുക്കുകയും ചെയ്തു.
എൻഡോസ്കോപ്പിക്ക് സമാനമാണ് ഈ മെഡിക്കൽ നടപടിക്രമം എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഒരു നേർത്ത ട്യൂബ് വായിലൂടെ അന്നനാളത്തിലേക്ക് കടത്തിവിട്ടാണ് നാണയങ്ങൾ പുറത്തെടുത്തത്.
ഡോ. അജയ് ഗുപ്ത, ഡോ. ദിവ്യാൻഷു, ഡോ. സരവണൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നെന്നും സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു.