ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അംബാനിയെ വായ്പാ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇഡി). 3,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരമാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച മുംബൈയിലെ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മുപ്പത്തഞ്ചോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. അനിൽ അംബാനി ഗ്രൂപ്പിന്റെ 50 കമ്പനികളുടെ 25ലേറെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. നിരവധി രേഖകളും കംപ്യൂട്ടറുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചത്.
ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി കഴിഞ്ഞമാസം 24നാണ് റെയ്ഡുകൾ ആരംഭിച്ചത്. കൂടാതെ ചില കമ്പനികൾ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന നിരവധി ആരോപണങ്ങളും അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ രണ്ടു പ്രഥമ വിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് റെയ്ഡുകൾ നടത്തിയത്.
2017-2019 കാലയളവിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രാഥമിക അന്വേഷണമെന്ന് അന്വേഷണ ഏജൻസി നേരത്തേ പറഞ്ഞിരുന്നു. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ്, യെസ് ബാങ്ക് ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന് ഇഡി കണ്ടെത്തിയതായി വെളിപ്പെടുത്തിയിരുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ട്.
മോശം സാമ്പത്തിക സ്രോതസുകളുള്ളതോ സ്ഥിരീകരിക്കാത്തതോ ആയ കമ്പനികൾക്കു നൽകിയ വായ്പകൾ, അനുമതി ഫയലുകളിൽ അവശ്യരേഖകളുടെ അഭാവം, ഷെൽ സ്ഥാപനങ്ങളിലേക്ക് ഫണ്ട് വഴിതിരിച്ചുവിടൽ, നിലവിലുള്ളവ തിരിച്ചടയ്ക്കാൻ നൽകിയ പുതിയ വായ്പകൾ എന്നിവയുൾപ്പെടെ നിരവധി ക്രമക്കേടുകൾ ഇഡി കണ്ടെത്തിയിട്ടുണ്ട്.
അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷൻസി(ആർകോം)നെയും മിസ്റ്റർ അംബാനിയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വഞ്ചന അക്കൗണ്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംബാനിയുടെ അക്കൗണ്ടിനെ എസ്ബിഐ വഞ്ചനാപരമായി മുദ്രകുത്തുന്നത് ഇതാദ്യമല്ല. 2020 നവംബറിൽ ആർകോമിനെയും മിസ്റ്റർ അംബാനിയെയും തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിക്കുകയും 2021 ജനുവരി അഞ്ചിന് സിബിഐയിൽ പരാതിനൽകുകയും ചെയ്തിരുന്നു.