ദുബായ്: യുഎഇയിൽനിന്ന് നയതന്ത്രജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഇസ്രയേൽ. ഗൾഫ് രാജ്യങ്ങളിലുള്ള ഇസ്രേലികൾക്കുള്ള യാത്രാമുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്സി) വർധിപ്പിച്ചതിനെത്തുടർന്നാണു നടപടി.
ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രേലി, ജൂത വ്യക്തികളെ ലക്ഷ്യമിടുന്നതായി എൻഎസ്സി ഇന്റലിജൻസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സംഘർഷങ്ങളും ഇറാനെതിരായ സമീപകാല സൈനിക നടപടികളും ഗാസയിൽ ഭീകരർക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുമാണു ഭീഷണിക്കു കാരണമെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രയേൽ വിരുദ്ധ പ്രകോപനങ്ങളും ഇറാനെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങളും തങ്ങളുടെ പൗരന്മാർക്കും വിദേശത്തുള്ള പ്രതിനിധികൾക്കും അപകടസാധ്യത വർധിപ്പിച്ചതായി സുരക്ഷാ അധികൃതർ വിശ്വസിക്കുന്നു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമീപകാല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇസ്രേലി പൗരന്മാർക്കും നയതന്ത്രജ്ഞർക്കും സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്.