പാലാ: പാലാ-തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവതികള്‍ക്ക് നാട് കണ്ണീരോടെ വിട നല്കി. മരിച്ച ജോമോളുടെ ഏകമകള്‍ പാലാ സെന്റ് മേരീസ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി അന്നമോള് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിസിറ്റിയില്‍ ചികിത്സയിലായതിനാല്‍ അമ്മയ്ക്ക് അവസാന മുത്തം നല്കാന് സാധിച്ചില്ല. ബന്ധുക്കളുടെ വിലാപം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് സ്കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതികളുടെ ജീവന് പൊലിഞ്ഞത്. മരിച്ച മേലുകാവുമറ്റം നെല്ലംകുഴിയില്‍ എന്‍.കെ. സന്തോഷിന്റെ ഭാര്യ ധന്യയുടെ സംസ്കാരം ബുധനാഴ്ച നടത്തിയിരുന്നു. അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ സുനിലിന്റെ (35) സംസ്കാരം ഇന്നലെയാണ് നടത്തിയത്.
ജോമോളുടെ മൃതദേഹം ഇന്നലെ രാവിലെ 9.30 മുതല്‍ പ്രവിത്താനം പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. ഭവനത്തിലും പാരീഷ് ഹാളിലും പള്ളിയിലും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. അന്നമോള് പഠിക്കുന്ന പാലാ സെന്റ് മേരീസ് സ്കൂളിലെ കുട്ടികളും സഹപാഠികളും അധ്യാപകരും അന്നമോളുടെ മാതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അന്നമോള് ആരോഗ്യത്തോടെ തിരിച്ചുവരണമേ…പ്രാര്‍ഥനയോടെ സഹപാഠികളും ഉറ്റവരും
പാലാ: മുണ്ടാങ്കലിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന അന്നമോള് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അന്നമോള് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് അവളുടെ വിദ്യാലയമായ പാലാ സെന്റ് മേരീസ് സ്കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. സ്കൂള്‍ ചാപ്പലില്‍ സഹപാഠികളും അധ്യാപകരും ഇടതടവില്ലാതെ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. സ്കൂളിലെ മിടുക്കിയായ കുട്ടിയാണ് അന്നമോളെന്ന് അധ്യാപകര്‍ പറഞ്ഞു.
ജാമ്യം നിഷേധിച്ച് കോടതി
കോട്ടയം: പാലാ മുണ്ടാങ്കല്‍ ഭാഗത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരണപ്പെടുകയും ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിൽ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള വീട്ടില്‍ ചന്ദൂസ് (24) പാലാ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി.