വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന്, തീരുവ സംബന്ധിച്ച തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാഹചര്യത്തിലെത്തി. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ്.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവർ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണെന്നുമുള്ള ചോദ്യത്തിന്, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കു മേൽ പുതിയ “ദ്വിതീയ ഉപരോധങ്ങൾ’ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയും ദേശീയ സുരക്ഷയും വിദേശനയ ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു തീരുവ ഉയർത്തൽ. പുതിയ താരിഫുകൾ ഈമാസം 27 മുതൽ പ്രാബല്യത്തിൽ വരും. യുഎസ് തുറമുഖങ്ങളിൽ പ്രവേശിക്കുന്ന എല്ലാ ഇന്ത്യൻ സാധനങ്ങൾക്കും ഇതു ബാധകമാകും.
തീരുവ വർധനവിനോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യ ഈ നീക്കത്തെ അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന വിമർശനം ഉന്നയിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രസംഗക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സമ്മർദത്തിന് ഇന്ത്യ വഴങ്ങില്ലെന്നു വ്യക്തമാക്കി.
കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അതിന് നമ്മൾ വലിയ വില നൽകേണ്ടിവരുമെന്നും മോദി പറഞ്ഞു. ട്രംപിന്റെ താരിഫ് നീക്കത്തിലെ ഇരട്ടത്താപ്പും ഇന്ത്യ ചൂണ്ടിക്കാട്ടി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന മറ്റു പ്രധാന രാജ്യങ്ങളായ ചൈനയ്ക്കും തുർക്കിക്കുമെതിരേ സമാന നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.