കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് അര്‍ഹതയില്ലാത്ത തസ്തികയിലേക്ക് സാന്ദ്രാ തോമസിനു മത്സരിക്കാനാകില്ലെന്നു വ്യക്തമാക്കി നിര്‍മാതാവ് വിജയ് ബാബു രംഗത്തെത്തിയത് വീണ്ടും വാക് പോരിനിടയാക്കി.
ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍ എന്നുപറഞ്ഞാണ് വിജയ് ബാബു കുറിപ്പ് ആരംഭിച്ചിട്ടുള്ളത്. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ചു മാത്രമേ സാന്ദ്രയ്ക്കു മത്സരിക്കാനാകൂ. അതിനെ ആരും എതിര്‍ക്കുന്നില്ല. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ അറിവില്‍ സെന്‍സര്‍ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവര്‍ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു.
എന്നാല്‍ തന്റെ ഓഹരിയോ അതില്‍ കൂടുതലോ വാങ്ങിയശേഷം 2016 ല്‍ നിയമപരമായി രാജിവച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി അവര്‍ക്കു ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കില്‍ ഒരുപക്ഷേ അത് നമുക്കെല്ലാവര്‍ക്കും ഒരു പുതിയ അറിവായേക്കാമെന്നും കുറിപ്പില്‍ പറയുന്നു.
വിജയ് ബാബുവിന് മറുപടി നൽകി സാന്ദ്ര
അതേസമയം വിജയ് ബാബുവിനു മറുപടിയുമായി സാന്ദ്രാ തോമസും രംഗത്തെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്ണറായിരുന്ന തന്റെ പേരിലാണു സിനിമയുടെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റെന്നും അസോസിയേഷന്റെ നിയമാവലി പ്രകാരം മൂന്നു സിനിമകള്‍ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്യപ്പെട്ടവര്‍ക്കു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ കഴിയുമെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല. മറിച്ച് അസോസിയേഷന്റെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. സത്യം വിജയിക്കട്ടെ, നീതിക്കുവേണ്ടി നിലകൊള്ളുക എന്നീ ഹാഷ്ടാഗുകള്ക്കൊപ്പമാണു സാന്ദ്രയുടെ കുറിപ്പ്. ആര്‍ക്കോവേണ്ടി ഓക്കാനിക്കുന്നവര്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാകാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.