നവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…

വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.

ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്.

നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്‍കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്‍കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു.

ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ മുന്നറിയിപ്പ്.

Related posts

Leave a Comment