ചേർത്തല: കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബിന്ദുവിന്റെ വീട് രണ്ടു തവണ പരിശോധിച്ചു. അയൽവാസികളോടും കാര്യങ്ങൾ തിരക്കിയ ശേഷമാണ് മടങ്ങിയത്. ബിന്ദുവിന്റെ തിരോധാനത്തിൽ ലോക്കൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചെന്ന അരോപണവും ശക്തമാകുന്നു.
കുറ്റാരോപിതനായ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളായ രണ്ടു വസ്തു ബ്രോക്കർമാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു.
കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനെയും കൂട്ടാളികളെയും ചോദ്യം ചെയ്തത്.സെബാസ്റ്റ്യന്റെ രണ്ട് കൂട്ടാളികളും കടക്കരപ്പള്ളി സ്വദേശികളാണ്. ബിന്ദു കൊല്ലപ്പെട്ടുവെന്നും കൊലപ്പെടുത്തിയത് ആരാണെന്ന് അറിയാമെന്നും ഇവര് ലോക്കൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നതായി സഹോദരൻ പ്രവീൺ പറഞ്ഞു.
എന്നാൽ, പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും അവരുടെ തുടർ ചോദ്യംചെയ്യലിൽ ഇവര് ഇക്കാര്യത്തിൽ അജ്ഞത നടിക്കുയും ചെയ്തു. ബിന്ദു കൊല്ലപ്പെട്ടതെവിടെ വച്ചാണെന്നുവരെ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും വേണ്ട രീതിയിൽ നടപടിയെടുത്തില്ലെന്നും കൂട്ടാളികളെ കാര്യമായ ചോദ്യം ചെയ്യാതെ വിട്ടിരുന്നതാണ് കേസിന്റെ അന്വേഷണം നീണ്ടു പോകാൻ കാരണമെന്നും പ്രവീൺ പറഞ്ഞു. ബിന്ദു കൊല്ലപ്പെട്ടെന്ന് ആദ്യം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയവരില് ഒരാള് പിന്നീട് മറവി അഭിനയിച്ചു ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
അന്വേഷണം വഴിമുട്ടാൻ വലിയൊരു പരിധിവരെ കാരണമായ ഈ അഭിനയം കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർ പരിശീലിപ്പിച്ച അടവാണെന്നാണ് സംശയിക്കുന്നത്. സെബാസ്റ്റ്യനും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വലിയൊരു പരിധിയിൽ മറികടക്കുന്നത് രോഗിയായി അഭിനയിച്ചാണ്. ഇതെല്ലാം അന്നത്തെ ലോക്കൽ പോലീസിന്റെ ഉപദേശമാണെന്നും കരുതുന്നു.
ആദ്യത്തെ വെളിപ്പെടുത്തലിന്റെ ചുവടുകൾ പിന്തുടർന്നുള്ള വിദഗ്ധ അന്വേഷണം നടന്നിരുന്നുവെങ്കിൽ ബിന്ദു പത്മനാഭൻ തിരോധാനം വർഷങ്ങൾക്ക് മുമ്പേ തെളിയുമായിരുന്നു. ബിന്ദുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിലയേറിയ വീട്ടുപകരണങ്ങളും ഇതിൽ ഒരാൾ ഇടനിലക്കാരനായി നിന്നാണ് വിറ്റഴിച്ചത്.