ബനസ്കന്ധ: പതിനെട്ടുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി. ചന്ദ്രിക ചധൗരി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ബനസ്കന്ധ ജില്ലയിലാണ് സംഭവം.
ചന്ദ്രികയും സുഹൃത്ത് ഹരീഷ് ചൗധരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തു. കൂടാതെ ചന്ദ്രികയ്ക്ക് മറ്റൊരു വിവാഹാലോചന കൊണ്ടുവരികയും ചെയ്തു. വീട്ടിൽ വിവാഹാലോചന നടക്കുന്ന കാര്യം ചന്ദ്രിക ഹരീഷിനെ അറിയിച്ചു. പിന്നീട് സ്വന്തം ജീവന് അപകടത്തിലാണെന്ന് മനസിലാക്കിയ ചന്ദ്രിക തന്നെ കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് ഹരീഷിന് സന്ദേശം അയച്ചു.
എന്നാല്‍ ഈ സന്ദേശമയച്ച് മണിക്കൂറുകൾക്കകം ചന്ദ്രിക മരണപ്പെട്ടു. സംഭവത്തിനു ദിവസങ്ങൾക്ക് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ചന്ദ്രികയെ കാണാനില്ലന്ന് കുടുംബം പരാതി നൽകിയതോടെ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ചന്ദ്രികയ്ക്കുവേണ്ടി ഹരീഷ് കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു, എന്നാൽ വാദം കേൾക്കുന്ന തിയതിക്ക് മുമ്പേ ചന്ദ്രികയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
തുടക്കത്തില്‍ ഇതിനെ ആത്മഹത്യയായി കരുതി എങ്കിലും ഹരീഷ് പോലീസിൽ പരാതിപ്പെട്ടു. ചന്ദ്രികയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഹരീഷ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്രികയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് മനസിലാവുകയും ചെയ്തു.