ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന്റെ ഇന്നലെ റിലീസ് ചെയ്ത ‘കൂലി’ക്ക് വൻ വരവേൽപ്പ്. പടക്കം പൊട്ടിച്ചും കട്ടൗട്ടിൽ പാലഭിഷേകം നടത്തിയുമാണ് തമിഴ്നാട്ടിൽ ആദ്യദിനം ആരാധകർ തലൈവറിന്റെ വരവ് ആഘോഷിച്ചത്. രജനീകാന്ത് സിനിമയിലെത്തിയിട്ട് അന്പതു വർഷം പൂർത്തിയായി എന്ന സവിശേഷതയും ‘കൂലി’ റിലീസിംഗിനുണ്ട്.
സൺ പിക്ചേഴ്സിന്റെ നിർമാണത്തിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ മൂവിയിൽ ആമിർ ഖാൻ, സത്യരാജ്, നാഗാർജുന, ശിവകാർത്തികേയൻ, ധനുഷ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്നു.
400 കോടി മുതൽമുടക്കുള്ള ചിത്രം 1,000 കോടി കളക്ഷൻ നേടുമെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അനിരുദ്ധാണ് സംഗീത സംവിധാനം. സൗബിന്റെ നൃത്തച്ചുവടുകളോടുകൂടിയ ചിത്രത്തിലെ മോണിക്ക എന്ന ഗാനരംഗം ഇതിനോടകം വൈറലായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആറുവരെ 53 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യയെക്കൂടാതെ നോർത്ത് അമേരിക്ക, സ്വിറ്റ്സർലാൻഡ്, സിംഗപ്പുർ,മലേഷ്യ, നെതർലൻഡ്, മധ്യപൂർവേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, പപ്പുവ ന്യു ഗിനിയ, നേപ്പാൾ, ജോർജിയ, ഹംഗറി എന്നീ രാജ്യങ്ങളിൽ ഹംസിനി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം പ്രദർശനത്തിനെത്തിച്ചു.