കോട്ടയം: കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ വില്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നു.വിപണിയില്‍നിന്നു കൊക്കോക്കുരു നേരിട്ടു സംഭരിച്ചുകൊണ്ടിരുന്ന കാംകോയും കാഡ്ബറീസും ഇപ്പോള്‍ സംഭരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
നാട്ടിന്‍പുറങ്ങളിലെ മലഞ്ചരക്കു കടകളും കര്‍ഷകരില്‍നിന്നു കുരു വാങ്ങുന്നില്ല. തുടര്‍ച്ചയായ മഴമൂലം ഡയറുകളിലാണ് കര്‍ഷകര്‍ കുരു ഉണങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോക്കുരുവിന് 600 രൂപയ്ക്കു മുകളിലാണ് വില. പച്ച കൊക്കോ സംഭരിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വില്പന നടത്തുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്.
പച്ചക്കുരുവിന് 80 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഉണങ്ങിയതിന് 360 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കൊക്കോയ്ക്ക് വില വര്‍ധിക്കാന്‍ തുടങ്ങിയത്. 700 രൂപയ്ക്കു മുകളില്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലയില്‍ മാത്രം 5,000 ഏക്കറിനു മുകളില്‍ പുതുതായി കൊക്കോ കൃഷി ആരംഭിച്ചിട്ടുണ്ട്.
ഉയര്‍ന്ന വില കൊടുത്തു തൈകള്‍ വാങ്ങി കൃഷി ചെയ്ത കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കൂടി വരുംനാളുകളില്‍ വിപണിയില്‍ എത്തുന്പോള്‍ പ്രതിസന്ധി രൂക്ഷമാകും. ഇടനിലക്കാരുടെ ഇടപെടലാണ് കമ്പനികളെ സംഭരണത്തില്‍നിന്നു പിന്നോട്ട് മാറ്റിയതെന്ന് ആക്ഷേപമുണ്ട്.
ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളില്‍നിന്ന് ഇടനിലക്കാര്‍ വഴിയാണ് സംഭരണം മുന്‍കാലങ്ങളില്‍ നടന്നിരുന്നത്. ഇവരുടെ ഇടപെടലാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.