വൈപ്പിന്‍: സോഷ്യല്‍മീഡിയ വഴി ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവതിയായ വീട്ടമ്മയില്‍ നിന്നും തവണകളായി 35,45,040 രൂപ തട്ടിയെടുത്തു.
പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. മേയ് 13 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള തീയതികളില്‍ യുവതിയുടെ ഓച്ചന്തുരുത്തിലുള്ള പൊതുമേഖല ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരസ്യത്തിന്റെ ലിങ്കില്‍ കണ്ട വാട്സ്ആപ്പ് നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ തന്റെ പേര് ഗോവിന്ദ് കായല്‍ എന്നാണെന്നും തിരുവനന്തപുരം എന്‍എസ്ഇ കമ്പനിയുടെ എച്ച് ആര് മാനേജര്‍ ആണെന്നും പരിചയപ്പെടുത്തിയത്രേ.
തുടര്‍ന്ന് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നല്കിയ മറ്റൊരു ലിങ്കില്‍ കയറി അക്കൗണ്ട് ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ലിങ്കില്‍ കയറിയ യുവതിക്ക് നിരവധി ടാസ്ക്കുകള് നല്കി.
ഇതോടൊപ്പം ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം നല്‍കുകയും ചെയ്തു. ഇടയ്ക്കുവച്ച് അക്കൗണ്ട് ഫ്രീസായി എന്നു പറഞ്ഞ് വീണ്ടും പണമടക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് തട്ടിപ്പ് മനസിലാക്കി യുവതി പോലീസില്‍ പരാതി നല്‍കിയത് .