ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന് ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്.
കഴിഞ്ഞദിവസം, പൊതുജീവിതത്തിൽ സി.പി. രാധാകൃഷ്ണൻ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും മോദി എക്സിൽ കുറിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ്. അടുത്ത മാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണനാണ് വിജയസാധ്യത.