തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചാല്‍ പോര എംഎല്‍എ സ്ഥാനവും രാജി വയ്ക്കണമെന്ന് പത്മജ പറഞ്ഞു.
നമുക്ക് ധൈര്യമായി വീട്ടില്‍ കയറ്റാന്‍ പറ്റുന്നയാളാകണം എംഎല്‍എ. വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വച്ചുകൊണ്ടിരിക്കും. അത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമോ എന്നറിയില്ല.
രാഹുല്‍ മുന്‍പ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നു. പുറത്തേക്ക് പോലും വരാതെ ഒന്നിലും പെടാതെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം വച്ചുവിളമ്പി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കുറിച്ച് വളരെ മോശമായ രീതിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് വിഷമമുണ്ടായി.
ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛന് പഠിപ്പിച്ചിരുന്നു. അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. ഈ മനുഷ്യന് ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപമാണ്. അവരെ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. അത് പറഞ്ഞതിന് പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ ശാസിച്ചിട്ടുണ്ട് എന്നറിഞ്ഞു. അതുകൊണ്ടൊന്നും കാര്യമില്ല. മുകളില്‍ ഒരാള്‍ ഉണ്ടല്ലോ. ഞാന്‍ എല്ലാം അവിടെ അര്‍പ്പിച്ചിരിക്കുകയാണ്.
സണ്ണി ജോസഫ് പറയുന്നു തനിക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന്. ഒരു പെണ്ണും പരാതി നല്‍കാതെ പബ്ലിക്ക് ആയി ഇങ്ങനെ പറയില്ല. നേതാക്കന്‍മാരുടെയടുത്തൊക്കെ പോയി പരാതി പറഞ്ഞിട്ടാകും ഇവര്‍ പുറത്ത് പറഞ്ഞിട്ടുണ്ടാവുക. എന്നിട്ട് ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതൊന്നുമല്ല. വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു.
ചോദിക്കുമ്പോള്‍ ദേഷ്യം വരേണ്ട കാര്യമില്ല. ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ഈ പറയുന്ന ആളുകള്‍ തന്നെ ചോദിക്കുമ്പോള്‍ പറയുന്ന മറുപടി ഹൂ കെയേഴ്സ് എന്നാണ്. ഇങ്ങനെയാണോ ഒരു ജനപ്രതിനിധി മറുപടി പറയേണ്ടത്.
കോണ്‍ഗ്രസ് സ്വയം സംരക്ഷിക്കുകയാണ്. ആദ്യമേ പരാതി ഉണ്ടായപ്പോള്‍ അന്വേഷണം ഉണ്ടാവേണ്ടതായിരുന്നു. വി.ഡി. സതീശനു പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടി ഉണ്ടാകണമായിരുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.