മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവും മരിച്ചു. ഇരിക്കൂർ പെരുവളത്തുപറന്പ് കുട്ടാവ് സ്വദേശി പട്ടേരി ഹൗസിൽ ജിജേഷാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഇരിക്കൂർ കുളിഞ്ഞ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. 20ന് ഉച്ചകഴിഞ്ഞ് രണ്ടരക്കായിരുന്നു സംഭവം. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവീണയെയാണ് (39) ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിജേഷ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിലിരിക്കെയാണ് മരിച്ചത്. പ്രവീണയുമായി ജിജേഷിന് സൗഹൃദം ഉണ്ടായിരുന്നതായും ഇവർ ഒരുമിച്ച് പഠിച്ചവരുമാണ്.
പിന്നീട് സൗഹൃദം അതിര് കടന്നപ്പോൾ പ്രവീണ തന്നെ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണു കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.