പരവൂർ (കൊല്ലം): രാജ്യത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ വനിതകൾ മാത്രമുള്ള കമാൻഡോ സംഘം രൂപീകരിക്കാൻ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) തീരുമാനിച്ചു.സിവിലിയൻ വിമാനത്താവളങ്ങളെ സംരക്ഷിക്കുന്നതിന് വ്യോമയാന സുരക്ഷാ ഗ്രൂപ്പിന്റെ (എഎസ്ജി ) ഭാഗമായി രാജ്യത്ത് ഉടനീളം വിന്യസിച്ചിരിക്കുന്ന 100 വനിതാ ഉദ്യോഗസ്ഥരുടെ സംഘത്തിനാണ് ഈ ദൗത്യത്തിൽ ആദ്യം പരിശീലനം നേടുന്നത്.
മധ്യപ്രദേശിലെ ബർവാഹയിലുള്ള പരിശീലന കേന്ദ്രത്തിൽ കമാൻഡോ നൈപുണ്യ മികവിനുള വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.എട്ട് ആഴ്ച നീണ്ടു നിൽക്കുന്നതാണ് ഈ അഡ്വാൻസ്ഡ് കമാൻഡോ പരിശീലന കോഴ്സ്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളിലും പ്ലാൻ്റുകളിലും ക്വിക്ക് റിയാക്ഷൻ ടീം (ക്യൂആർടി), സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) എന്നീ ചുമതലകൾക്കായി വനിതാ ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്നതാണ് ഇതുവഴി ലക്ഷ്മിടുന്നത്.
ശാരീരിക ക്ഷമത, ആയുധ പരിശീലനം, വനങ്ങളിലെ അതിജീവനപരിശീലനം, സഹിഷ്ണുത ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുള്ള വ്യായാമം തുടങ്ങിയവ കമാൻഡോ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സിഐഎസ്എഫിൽ നിലവിൽ 12,491 വനിതകൾ ഉണ്ട്. 2026 ൽ 2,400 വനിതകളെ കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസരണമായി സേനാബലത്തിൻ്റെ ഏറ്റവും കുറഞ്ഞത് 10 ശതമാനമെങ്കിലും വനിതകൾ സ്ഥിരമായി ഉണ്ടാകുന്ന തരത്തിൽ നിയമനം ക്രമീകരിക്കാനാണ് സിഐഎസ്എഫ് തീരുമാനിച്ചിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ