പനമരം: പരാതിയിൽ കേസെടുക്കാനുള്ള പോലീസിന്റെ വിമുഖതയ്ക്കെതിരേ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്ന് യുവതികളുടെ പ്രതിഷേധം. മാത്തൂർ മുല്ലയ്ക്കൽ ബിനിത, കല്ലിങ്കൽ ഫസ്ന എന്നിവരാണ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
പ്രശ്നത്തിൽ കോണ്ഗ്രസ് പ്രാദേശിക നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് കേസ് എടുക്കുമെന്നു പോലീസ് ഉറപ്പുനൽകിയതോടെയാണ് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരാഴ്ചമുന്പ് പരിസരവാസികളുമായുണ്ടായ പ്രശ്നങ്ങൾക്കിടെ യുവതികളിൽ ഒരാളുടെ വീടിന്റെ ഷീറ്റ് പൊട്ടിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും അസഭ്യം വിളിച്ച ഇൻസ്പെക്ടർ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് യുവതികൾ പറയുന്നത്.
ഇൻസ്പെക്ടർ ക്ഷമ ചോദിക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു യുവതികളുടെ പ്രതിഷേധം. മോശമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ഒത്തുതീർക്കാൻ ശ്രമിച്ചതിനാലാണ് കേസെടുക്കാൻ വൈകിയതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.