കൊച്ചി: പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തമായി പരിശീലന മൈതാനം. തൃപ്പൂണിത്തുറ – പേട്ട ബൈപ്പാസില്‍ ഒരുങ്ങിയിട്ടുള്ള മൈതാനം അടുത്തയാഴ്ച പരിശീലനങ്ങള്‍ക്കായി തുറക്കും. ഫിഫ നിലവാരത്തിലാണു പരിശീലന മൈതാനമായ ‘ദ സാങ്ച്വറി’ ഒരുക്കിയിരിക്കുന്നത്.
ഇതോടെ ദീര്‍ഘകാലമായി ടീം പരിശീലനം നടത്തിയിരുന്ന എറണാകുളം പനമ്പിള്ളിനഗറിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ മൈതാനം പൂര്‍ണമായി ഉപേക്ഷിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനോടു ചേര്‍ന്നുള്ള ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിന്റെ സ്ഥലം 15 വര്‍ഷത്തേക്കാണു ബ്ലാസ്റ്റേഴ്സ് പാട്ടത്തിനെടുത്തിരിക്കുന്നത്.
മൈതാനത്തെ ചെളിമണ്ണ് പൂര്‍ണമായി നീക്കി, സോക്കര്‍ ഫീല്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് അളവുകളായ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും ബെര്‍മൂഡ ഗ്രാസ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മൈതാനം പരിപാലിക്കുന്നതിനായി ഇന്‍ഗ്രേറ്റഡ് സ്പ്രിംഗ്ളർ സംവിധാനമുണ്ട്.
വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജും ഒരുക്കിയിട്ടുണ്ട്.
ഒന്നരവര്‍ഷത്തോളമെടുത്താണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പരിശീലനത്തിന് തുറന്നുനല്‍കുന്ന ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി താരങ്ങളാകും ആദ്യമിറങ്ങുക. ബ്ലാസ്റ്റേഴ്സ് ക്ലബ് രൂപീകരിച്ച് 11 വര്‍ഷം പിന്നിടുമ്പോഴാണ് സ്വന്തം പരിശീലനഗ്രൗണ്ട് തയാറായിട്ടുള്ളത്. സീനിയര്‍ ടീമിനും ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി താരങ്ങള്‍ക്കും റിസര്‍വ് താരങ്ങള്‍ക്കും ഇനി ഒരേ വേദിയില്‍ പരിശീലിക്കാനാകും. മീറ്റിംഗ് ഹാളുകള്‍, ടീമിന്റെ ഡ്രസിംഗ് റൂമുകള്‍ തുടങ്ങി ബ്ലാസ്റ്റേഴ്സിന്റെ എല്ലാവിധ സംവിധാനങ്ങളും പുതിയ പരിശീലന ഗ്രൗണ്ടിലേക്കു മാറും.