അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് ഹോങ്കോംഗിനെ കീഴടക്കി. സ്കോർ: ഹോങ്കോംഗ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3.
144 റണ്സ് വിജയലക്ഷ്യവുമായി ക്രീസിൽ എത്തിയ ബംഗ്ലാദേശിന് സ്കോർ 24ൽ നിൽക്കുന്പോൾ ഓപ്പണർ പർവേസ് ഹുസൈന്റെ (14 പന്തിൽ 19) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റർ ലിറ്റണ് ദാസിന്റെ (39 പന്തിൽ 59) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിച്ചത്. തൗഹിദ് ഹൃദോയ് 36 പന്തിൽ 35 റണ്സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഹോങ്കോംഗ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. 4.4 ഓവറിൽ 30 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ഹോങ്കോംഗ് 147 വരെ എത്തിയത്.
നിസാകത് ഖാൻ (40 പന്തിൽ 42), സീഷാൻ അലി (34 പന്തിൽ 30), യാസിം മുർതാസ (19 പന്തിൽ 28) എന്നിവരാണ് ഹോങ്കോംഗിനായി പോരാട്ടം നയിച്ചത്. ബംഗ്ലാദേശിന്റെ തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സകീബ്, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.