കൊല്ലം: എക്സൈസ് സംഘം കൊല്ലം ടൗണിൽ നടത്തിയ പരിശോധനയിൽ 123 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടമുക്ക് വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കേരളത്തിൽ വിൽപ്പന അവകാശം ഇല്ലാത്ത 164 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
ഗോവയിൽ നിന്ന് കടത്തി കൊണ്ട് വന്ന മദ്യം ഇയാൾ രണ്ട് സ്ഥലങ്ങളിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്നത്. തേവള്ളി കോട്ടമുക്കിലെ ആൾ താമസമില്ലാത്ത പുരയിടത്തിലാണ് 45 ലിറ്റർ (60 കുപ്പി) സൂക്ഷിച്ചിരുന്നത്. കൊല്ലം കല്ലുപാലത്തിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് 78 ലിറ്റർ (104 കുപ്പി) മദ്യം കണ്ടെടുത്തു.
മദ്യം കടത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. ഗോവയിൽ നിന്നും മദ്യം വിൽപ്പനയ്ക്കായി എത്തിച്ച് നൽകിയ ആളിനെ കുറിച്ചും എക്സൈസ് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായി ഗോവൻ മദ്യം വിൽപ്പന നടത്തുന്ന വിവരം ഷാഡോ സംഘവും കൊല്ലം ഐബിയും എക്സൈസ് വർക്കിൾ ഓഫീസിന് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. ഷിഹാബുദീൻ, പ്രിവന്റീവ് ഓഫീസർ സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യാം കുമാർ, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, ഡ്രൈവർ ശിവ പ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.


 
  
 