ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയുടെ വ്യാവസായികരംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യാവസായിക സ്ഥാപനങ്ങളും കമ്യുണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടി.വി. തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്ന സത്യം ആർക്കും നിരാകരിക്കാൻ കഴിയുന്നതല്ല.
ഇന്നും ആലപ്പുഴയിൽ തലയെടുപ്പോടെ നിലകൊള്ളുന്ന കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയർ ഫെഡ്, കയർത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രാഥമിക കയർ സഹകരണസംഘങ്ങളും മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവനാപൂർണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്.
കേരളത്തിന്റെ പൊതു രാഷ്ട്രീയത്തെക്കുറിച്ചും ആലപ്പുഴയുടെ സമരചരിത്രത്തെക്കുറിച്ചും ബോധ്യമില്ലാതെ കേന്ദ്രമന്ത്രി നടത്തുന്ന വിലകുറഞ്ഞ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയുമെന്ന് സിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.