പരവൂർ: ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്ന ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഫോൺപേ. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത ഭീമനായ ഫോൺപേ ദീപാവലി വേളയിൽ പടക്ക ഇൻഷ്വറൻസ് ഏർപ്പെടുത്തിയാണ് ഉപയോക്താക്കളെ അതിശയപ്പെടുത്തിയിരിക്കുന്നത്.കേവലം 11 രൂപയ്ക്കാണ് പടക്ക ഇൻഷ്വറൻസ് ലഭിക്കുക. ഇതിൽ 25,000 രൂപ വരെയുള്ള കവറേജ് ഉൾപ്പെടുന്നു. ഇൻഷ്വറൻസ് പ്ലാനിന്റെ കാലാവധിയും 11 ദിവസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
പോളിസി ഉടമയ്ക്കും പങ്കാളിക്കും പരമാവധി രണ്ട് കുട്ടികൾക്കുമാണ് ഈ പദ്ധതിയിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. ദീപാവലി വേളയിൽ പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.ഇത്തരമൊരു സാഹചര്യത്തിലാണ് ചെറിയ തുകയ്ക്ക് ഹ്രസ്വകാല ഇൻഷ്വറൻസ് പരിരക്ഷ എന്ന പദ്ധതി ഫോൺപേ പരീക്ഷിച്ച് നോക്കുന്നത്.
ഒക്ടോബർ 12 മുമ്പ് പോളിസി വാങ്ങുന്നവർക്ക് ആ ദിവസം 11 ദിവസത്തേക്ക് ഇൻഷ്വറൻസ് കവറേജ് ലഭിക്കും. പടക്ക സംബന്ധമായ അപകടങ്ങൾക്ക് മാത്രമായിരിക്കും ഈ പോളിസി വഴി സാമ്പത്തിക സഹായം ലഭിക്കുക.അപകടം സംഭവിച്ച് 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ പ്രവേശനം ആവശ്യമുണ്ടങ്കിൽ പോളിസി മുഖാന്തിരം ചെലവുകൾ പരിരക്ഷിക്കപ്പെടും.
24 മണിക്കൂറിൽ താഴെയുള്ള ഡേ കെയർ ചികിത്സയും പരിരക്ഷയിൽ ഉൾപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി. എങ്ങനെ ഈ പോളിസി എടുക്കാം എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പോളിസി ആവശ്യമുള്ളവർ ആദ്യം ഫോൺ പേ ആപ്പ് സന്ദർശിക്കണം. തുടർന്ന് ഇൻഷ്വറൻസ് വിഭാഗം ഓപ്പൺ ചെയ്യുക. പിന്നീട് ഫയർ ക്രാക്കർ ഇൻഷ്വറൻസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ പോളിസി സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാണ്.
അതിലുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പണം അടയ്ക്കുക. ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ പോളിസി നിങ്ങളുടെ പേരിൽ സജീവമാകും. ഇത്തരത്തിലുള്ള നിരവധി പ്ലാറ്റ്ഫോമുകൾ നേരത്തേ ഹ്രസ്വകാല ആരോഗ്യ, അപകട സുരക്ഷാ പോളിസികൾ വാഗ്ദാനം ചെയ്യിട്ടുണ്ടങ്കിലും പടക്ക സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പോളിസി പുതുമയുള്ളതാണ്. സുരക്ഷിതമായ ഉത്സവ സീസൺ ലക്ഷ്യമാക്കിയുള്ള ഫോൺപേയുടെ ഈ ഓഫർ രാജ്യത്ത് ക്ലിക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
- എസ്.ആർ. സുധീർ കുമാർ