മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഇന്നലെ ജൂത ദേവാലയത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്.
ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വലിയ രീതിയിൽ വിശ്വാസികൾ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.