തിരുവനന്തപുരം: തെരഞ്ഞെടുപ്പിനുമുന്പ് ജനഹിതമറിയാന്‍ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. നവകേരള ക്ഷേമ സര്‍വേ എന്ന പേരിലാണ് ജനഹിതമറിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാനും തുടര്‍ ഭരണ സാധ്യതയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കില്‍ അതെല്ലാം മനസിലാക്കാനുമാണ് സര്‍വേ നടത്തുന്നത്.
80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സര്‍വേ നടത്തും. ഇതിനായി കോളജ് വിദ്യാര്‍ഥികളെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സര്‍വേയുടെ ഏകോപനം നടത്തുന്നത്. ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സര്‍വേയുടെ മറ്റു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സര്‍വേയ്ക്ക് എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിട്ടില്ല. ഇതിനുള്ള തുക ഏതു വകുപ്പില്‍നിന്നു വിനിയോഗിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
തുടർ ഭരണം വീണ്ടും ലഭിക്കാനായി നിരവധി പിആര്‍ വര്‍ക്കുകള്‍ക്ക് കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.