മൂലമറ്റം: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിന്റെ ജോയിന്റ് ഒടിഞ്ഞു. കുത്തിറക്കം ഇറങ്ങിവന്ന വാഹനം നിയന്ത്രണംവിട്ടപ്പോൾ ഓടയിൽ ചാടിച്ചു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ ആറിന് കുമളിയിൽനിന്ന് വാഗമണ്‍ വഴി തൊടുപുഴയിലേക്ക് വന്ന ബസാണ് ഇലപ്പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടത്.
ബസിൽ നൂറിൽക്കൂടുതൽ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മനഃസാന്നിധ്യത്തോടെ ഓടയിൽ ചാടിച്ച് വാഹനം നിർത്തിയതോടെ സമീപത്തെ കൊക്കയിലേക്ക് പതിക്കാതെ രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരെ കയറ്റിവിടാൻ ഡിപ്പോയിൽ മറ്റ് വാഹനം ഇല്ലാതിരുന്നതിനാൽ സ്വകാര്യ ബസിലാണ് യാത്രക്കാരെ കയറ്റിവിട്ടത്.
മൂലമറ്റത്ത് കെഎസ്ആർടിസി ഡിപ്പോ നവീകരിക്കാൻ കോടികൾ അനുവദിച്ചിട്ടുണ്ടങ്കിലും യാത്രക്കാർക്ക് ആവശ്യത്തിനുള്ള വാഹനങ്ങൾ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. കൂടുതൽ വാഹനങ്ങളും കണ്ടംചെയ്യാറായതാണ്. പുതിയ ഒരു ബസുപോലുമില്ല. ഡിപ്പോ ലാഭകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതിയ വാഹനങ്ങൾ ലഭിക്കുന്നില്ല.
ഇവിടെനിന്നുള്ള കൂടുതൽ സർവീസുകളും അപകടസാധ്യതയേറിയ റോഡുകളുള്ള മലന്പ്രദേശങ്ങളിലൂടെയാണ് സർവീസ് നടത്തുന്നത്.
ബസിൽ കാലിക്കുപ്പി കണ്ടെന്ന ചെറിയ പിഴവിനുപോലും ജീവനക്കാരെ ശിക്ഷിക്കുന്പോഴാണ് കാലഹരണപ്പെട്ട ബസുകളുമായി കെഎസ്ആർടിസി അധികൃതർ യാത്രക്കാരുടെ ജീവൻ പന്താടുന്നത്. അതിനാൽ പുതിയ ബസുകൾ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.