വള്ളിക്കോട്: ഓണവിപണിയിൽ ഇത്തവണ വിറ്റഴിച്ചത് ആറായിരം കിലോ വള്ളിക്കോട് ശർക്കര. നഷ്ട പ്രതാപം വീണ്ടെടുത്ത വള്ളിക്കോട് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
നിലവിൽ ഓണക്കാലത്തു മാത്രമാണ് വള്ളിക്കോട് ശർക്കര വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ, ഇനിമുതൽ എന്നും ശർക്കര ലഭിക്കാനുള്ള നടപടികളുമായാണ് കരിമ്പ് ഉത്പാദക സഹകരണ സംഘം മുന്നോട്ട് പോകുന്നത്.
കരിന്പുകൃഷി വീണ്ടും
രണ്ട് ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്. കോന്നി കരിയാട്ടം ടൂറിസം എക്സ്പോ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. ജില്ലയിലെ കൃഷിഭവനുകളിലും സർക്കാർ ഓണവിപണികളിലും വള്ളിക്കോട് ശർക്കര ലഭ്യമായിരുന്നു.
ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ പിന്തുണയിൽ യുവാക്കളുടെ മേൽനോട്ടത്തിലാണ്, അന്യംനിന്നുപോയ കരിമ്പുകൃഷി വീണ്ടും തുടങ്ങിയത്. ഇപ്പോൾ കൂടുതൽ ആളുകൾ കരിമ്പുകൃഷിയിലേക്ക് ഇറങ്ങുന്നുണ്ട്.
30 വർഷങ്ങൾക്കു മുമ്പ് വള്ളിക്കോട് പഞ്ചായത്തിലെ വള്ളിക്കോട്, കൈപ്പട്ടൂർ, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, തുടങ്ങിയ പ്രദേശങ്ങളിലും അച്ഛൻകോവിലാറിന്റെ തീരപ്രദേശങ്ങളിലും വലിയ തോതിൽ കരിമ്പു കൃഷിയാണ് ഉണ്ടായിരുന്നു. അന്ന് പത്തിലേറെ കരിമ്പാട്ട് ചക്കുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പന്തളം ഷുഗർ മില്ലിലേക്കും വലിയ തോതിൽ കരിമ്പ് എത്തിച്ചിരുന്നു. ഷുഗർ മിൽ പ്രവർത്തനം നിർത്തിയതോടെയാണ് കരിമ്പാട്ട് ചക്കുകളുടെ എണ്ണം കൂടിയത്.
ചെറുപ്പക്കാരുടെ സംഘം
എന്നാൽ, റബറിന്റെ വരവും വർധിച്ച കൂലിയും ചെലവും ആളുകൾ കരിമ്പുകൃഷിയിൽനിന്നു പിന്തിരിയാൻ കാരണമായി. ആർ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള നിലവിലെ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്ന ശേഷമാണ് കരിമ്പുകൃഷി പുനരാരംഭിച്ചത്.
പഞ്ചായത്തിന്റെ പ്രോത്സാഹനത്തെത്തുടർന്ന് കുറച്ചു ചെറുപ്പക്കാർ മുന്നോട്ടുവന്നു. പ്രവാസിയായ ശരത് മുൻകൈയെടുത്ത് ഒരു കരിമ്പാട്ട് മില്ലും സ്ഥാപിച്ചു. ഇതു പ്രയോജനപ്പെടുത്തിയാണ് കഴിഞ്ഞ നാലു വർഷമായി വള്ളിക്കോട് ശർക്കര വിപണിയിൽ എത്തിക്കുന്നത്.
പന്തളം കൃഷി ഫാമിൽനിന്ന് എത്തിച്ച മാധുരി ഇനത്തിൽപ്പെട്ട കരിമ്പു തലയ്ക്കവും മറയൂർ കരിമ്പ് ഉത്പാദക സംഘത്തിൽനിന്ന് എത്തിച്ച സി.എ 86032 ഇനം തലയ്ക്കവുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.