തൊടുപുഴ: നഗരമധ്യത്തിൽ നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. തൊടുപുഴ നഗരസഭാ ഓഫീസിനും ഗാന്ധിസ്ക്വയറിനും ഇടയിൽ തൊടുപുഴയാറിനു കുറുകെയുള്ള പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതകളുടെ പ്ലാറ്റ്ഫോം ആണ് ഭൂരിഭാഗവും തുരുന്പെടുത്ത് നശിച്ചത്.
ഇരുന്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമിച്ചതിനുശേഷം എട്ടു വർഷം മുന്പ് ഒരിക്കൽ മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയത്.
നഗരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ 1962-ലാണ് ഇവിടെ കോണ്ക്രീറ്റ് പാലം നിർമിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിച്ചിരുന്നില്ല.
പിന്നീട് പാലത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കാൽനടയാത്രക്കാരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. ഇതോടെയാണ് കാൽനടക്കാർക്ക് സുരക്ഷിത യാത്രയ്ക്കായി 30 വർഷം മുൻപ് നടപ്പാത നിർമിച്ചത്. നിലവിൽ നടപ്പാതയ്ക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്.
ഗാന്ധിസ്ക്വയറിൽനിന്നു നഗരസഭ, പോലീസ് സ്റ്റേഷൻ, മുനിസിപ്പൽപാർക്ക്, മിനിസിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റു വ്യാപാര മേഖലകളിലേക്കും കാൽനട യാത്രക്കാർ വരുന്നത് പാലത്തിലൂടെയാണ്.
നടപ്പാതയുടെ ഇരുന്പ് ഗർഡറുകൾ നടക്കുന്പോൾ ഇളകുന്നതാണ് പ്രധാന പ്രശ്നം. കൂടാതെ ആളുകൾ നടക്കുന്ന പ്ലാറ്റ്ഫോം പല ഭാഗത്തും ഇളകിമാറിയ നിലയിലാണ്. ഇത് ഉയർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ ഇതിൽ തട്ടി വീഴുന്നുമുണ്ട്.
കൈവരികളിൽ ഒരുഭാഗം കോണ്ക്രീറ്റും മറ്റേത് ഇരുന്പും കൊണ്ടുള്ളതാണ്. കാലപ്പഴക്കം കാരണം ഇവ രണ്ടിന്റെയും അവസ്ഥ പരിതാപകരമാണ്. കോണ്ക്രീറ്റ് കൈവരികളുടെ പലഭാഗവും അടർന്നു മാറിയ നിലയിലാണ്. ഇരുന്പിന്റേതാണെങ്കിൽ പൂർണമായി തുരുന്പെടുത്തു.
ഇതുകാരണം പ്രായമായവർക്ക് ഉൾപ്പെടെ നടപ്പാത ഇളകുന്പോൾ കൈവരികളിൽ പിടിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ഒട്ടേറെ പേർ ഒരുമിച്ച് സഞ്ചരിക്കുന്പോൾ നടപ്പാത ഇളകുന്നത് ആശങ്കയുളവാക്കുന്നതായി യാത്രക്കാർ പറയുന്നു. സുരക്ഷിതമായി നടക്കാനായി നടപ്പാത നവീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.