മോസ്കോ: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി റഷ്യ രംഗത്ത്. “റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണ്. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് റഷ്യയുടെ മുൻഗണന’- പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയുമായുള്ള ധാരണയിലാണ് റഷ്യ മുന്നോട്ടുപോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും ദേശീയ താത്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്കു വിരുദ്ധമാകില്ല. എണ്ണ, വാതക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം റഷ്യ തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും പ്രസ്താവനയിലുണ്ട്. അതേസമയം, മോസ്കോയുമായുള്ള ദീർഘകാല ബന്ധം ഡൽഹിയെ ഓർമിപ്പിക്കുകയും ചെയ്യും. റഷ്യ ഉഭയകക്ഷി ബന്ധങ്ങളെ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.