തിരുവനന്തപുരം: എതിരാളികളെ കാഴ്ചക്കാരാക്കുന്ന പ്രകടനവുമായി സ്കൂള്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം. പിരപ്പന്‍കോട് ദേശീയ നീന്തല്‍ക്കുളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന ചൊല്ലിനു സമാനമായ പ്രകടനമാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ കാഴ്ച്ചവച്ചത്.
ആദ്യദിനത്തെ 24 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 143 പോയിന്റുമായി തിരുവനന്തപുരം പോയിന്റുപട്ടികയില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റ്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.
റിക്കാർഡ് അജീത്ത്
നീന്തല്‍ക്കുളത്തില്‍ ഇന്നലെ പിറന്ന ഏക റിക്കാര്‍ഡ് തൃശൂര്‍ സായിയുടെ അജീത്ത് യാദവ് സ്വന്തമാക്കി. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ 27.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജീത്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
വ്യക്തിഗത സ്കൂള്‍ വിഭാഗത്തില്‍ അഞ്ച് സ്വര്‍ണവും നാലു വെള്ളിയും ഉള്‍പ്പെടെ 37 പോയിന്റുമായി തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ ഒന്നാമതും മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 19 പോയിന്റുമായി വെഞ്ഞാറന്മൂട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. തിരുവല്ലം ബിഎന്‍വി ആന്‍ഡ് എച്ച് എസ് സ്കൂള്‍ രണ്ട് സ്വര്‍ണം ഒരു വെള്ളി ഒരു വെങ്കലവുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
അജീത്തിന്റെ റിക്കാര്‍ഡ് യുപിയിലും തരംഗം
തിരുവന്നതപുരം: അജീത്ത് നീന്തിത്തുടിച്ച് റിക്കാര്‍ഡുമായി കയറിയപ്പോള്‍ ആഘോഷം കേരളക്കരയില്‍ മാത്രമൊതുങ്ങിയില്ല. അങ്ങകലെ ഉത്തര്‍പ്രദേശില്‍ വരെയെത്തി ഈ വിജയാഹ്ളാദം. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള റിക്കാര്‍ഡ് പഴങ്കഥയാക്കിയാണ് തൃശൂര്‍ സായിയുടെ മറുനാടന്‍ താരമായ അജീത്ത് യാദവ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
27.9 സെക്കന്‍ഡില്‍ ഫിനിഷ് ചെ്യ്ത് ഈ ഉത്തര്‍പ്രദേശ് ബാലന് സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ നിലവിലുള്ള റിക്കാര്‍ഡ് സമയമായ 30 സെക്കന്‍ഡ് പഴങ്കഥയായി. യുപിയിലെ സാധരണ കര്‍ഷക കുടുംബത്തിലെ റാം- ഇന്ദിരാവതി ദമ്പതികളുടെ പുത്രനാണ് അജീത്ത്.
കേരളത്തില്‍ മികച്ച നീന്തല്‍ പരിശീലനം ലഭിക്കുമെന്നതിനാലാണ് താന്‍ ഇവിടേയ്ക്ക് പരിശീലനത്തിനെത്തിയതെന്നു അജീത്ത് പറഞ്ഞു.തൃശൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പഠനം. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കളമശേരി രാജഗിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജോഹന്‍ ജൂലിയനും മീറ്റ് റിക്കാർഡ് മറികടക്കുന്ന പ്രകടനം നടത്തി.