കോട്ടയം; കുമരകം താജ് ഹോട്ടലിൽ എത്തുന്ന രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം തുടങ്ങിയവ രാഷ്ട്രപതിയുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും.
ബേക്കര്‍ പണിത ബംഗ്ലാവ്
1847ല്‍ ബ്രിട്ടീഷ് മിഷനറിയായ ആല്‍ഫ്രഡ് ജോര്‍ജ് ബേക്കര്‍ വേമ്പനാട് കായല്‍ തീരത്തെ 500 ഏക്കര്‍ ചതുപ്പ് രാജാവില്‍നിന്നു പാട്ടത്തിനെടുത്ത് കൃഷിയിറക്കി. 1881ലാണ് ഇവിടെ ഹിസ്റ്ററി ഹൗസ് എന്ന പേരില്‍ വിക്ടോറിയന്‍ ബംഗ്ലാവ് നിര്‍മിച്ചത്.
1962ല്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കും വരെ ബേക്കര്‍ കുടുംബത്തിലെ നാലു തലമുറകള്‍ ഈ ബംഗ്ലാവില്‍ താമസിച്ചു. 1982ല്‍ ബംഗ്ലാവും നൂറ് ഏക്കറും കെടിഡിസി ഏറ്റെടുത്തു.
1993ല്‍ ബേക്കര്‍ ബംഗ്ലാവ് 99 വര്‍ഷത്തെ പാട്ടത്തിന് താജ് ഗ്രൂപ്പിനു കൈമാറി. ബംഗ്ലാവിന്റെ ഓല മേഞ്ഞ മേല്‍ക്കൂരയില്‍ ഓടു മേഞ്ഞതല്ലാതെ വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് താജ് ഗ്രൂപ്പ് ഹോട്ടലാക്കിയത്.
ദ്രൗപതി മുര്‍മുവിന് ഭക്ഷണംവെജിറ്റേറിയന്
സുരക്ഷാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രപതിയുടെ സ്വന്തം പാചകടീമാണ് ഭക്ഷണമൊരുക്കുന്നത്. കുമരകത്തും പാചകം ഇവര്‍തന്നെ. രാഷ്ട്രപതി വെജിറ്റേറിയന്‍ ഭക്ഷണമാണ് താത്പര്യപ്പെടുന്നതെങ്കിലും ഒപ്പമുള്ളവരെ സത്കരിക്കാന്‍ കരിമീനും കൊഞ്ചുകറിയും പുളിയിട്ട നാടന്‍ മീന്‍കറിയും കപ്പയും ഉള്‍പ്പെടെ വിഭവങ്ങള്‍ ടാജ് ഹോട്ടല്‍ കരുതുന്നുണ്ട്.
അത്താഴ വിരുന്ന് 50 പേര്‍ക്കാണ് ഒരുക്കുന്നത്. തികച്ചും നാടന്‍ വിഭവങ്ങളാണ് അത്താഴത്തിന്. കായല്‍ വിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ഭക്ഷണക്രമീകരണം. പ്രഭാത ഭക്ഷണത്തിനും കേരളീയ വിഭവങ്ങള്‍ തന്നെ.തിരുവനന്തപുരം രാജ്ഭവനില്‍ ചൊവ്വാഴ്ച അത്താഴത്തിനു ചോറും ബീന്‍സ് തോരനും മുരിങ്ങക്ക സൂപ്പും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണമാണ് രാഷ്ട്രപതിക്ക് ഒരുക്കിയത്.
കരിക്ക് പുഡ്ഡിംഗുമുണ്ടായിരുന്നു. ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിള്‍ കോലാപൂരി, മിക്സഡ് വെജിറ്റബിള്‍ കിച്ചടി, തൈര്, പപ്പടം, അച്ചാര്‍, വെജിറ്റബിള്‍ സാലഡ്, വെജിറ്റബിള്‍ കബാബ്, ചുവന്ന പരിപ്പ് ഫ്രൈ, കൂണ് നെയ്യ് റോസ്റ്റ്, കാപ്സിക്കം ബജി എന്നിവയുമുണ്ടായിരുന്നു. കുമരകത്തും ഇത്തരത്തിലുള്ള വിഭവങ്ങളായിരിക്കും തയാറാക്കുക.
കായലും കരയുംഅതീവ സുരക്ഷയില്‍
രാഷ്ട്രപതിയെ വരവേല്കാന് കുമരകത്ത് കായലിലും കരയിലും അതീവ സുരക്ഷ ഒരുക്കി. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടല്‍, സമീപ കായല്‍ തീരം, സഞ്ചാര പാതയിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി.
ഇന്നലെ വൈകുന്നേരം നാലിനാണ് ഡോഗ് സ്ക്വാഡ് കുമരകത്ത് പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നും ഡോഗ് സ്ക്വാഡിന്റെ പരിശോധന ഉണ്ടാക്കും.സുരക്ഷാ ചുമതലക്ക് 500 പോലീസ് ഉദ്യോഗസ്ഥരെയാണു വിന്വസിപ്പിച്ചിരിക്കുന്നത്. താജ് ഹോട്ടലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കായലില്‍ മത്സ്യബന്ധനവും ജലഗതാഗതവും നിരോധിച്ചു.
കായല്‍ സവാരിക്കായി രണ്ട് ഹൗസ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കായല്‍ സവാരി നടത്തുകയുള്ളു.
പാലം റെഡി
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ അവസാന അറ്റകുറ്റപ്പണികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.