കുമരകം: ആൺകുഞ്ഞിനെ വിൽക്കാനുള്ള ആസാം സ്വദേശിയായ അച്ഛന്റെ ശ്രമം അമ്മയുടെ തന്ത്രപരമായ നീക്കത്തിൽ പൊളിഞ്ഞു. തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിൽ മടക്കണ്ട ഭാഗത്താണ് സംഭവം. ഇവരുടെ രണ്ടു മക്കളിൽ ഇളയ മൂന്നു മാസം പ്രായമുള്ള ആൺകുട്ടിയെ യുപി സ്വദേശിക്ക് അര ലക്ഷം രൂപക്ക് വില്ക്കാൻ നടത്തിയ ശ്രമമാണ് അമ്മയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടത്.
ഭർത്താവിന്റെ ഫോൺ സംഭാഷണത്തിൽനിന്ന് കുട്ടിയെ കൈമാറാനുള്ള നീക്കം മനസിലാക്കിയ ഇവർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ വാർഡുമെംബ റായ ബുഷ്റാ തൽഹത്തിനെ വിവരം അറിയിക്കുകയും കുമരകം പോലീസിന്റെ സഹായം തേടുകയുമായിരുന്നു.
തുടർന്ന് കുമരകം സിഐ കെ. ഷിജിയും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛൻ, കുട്ടിയെ വാങ്ങാൻ ഈരാറ്റുപേട്ടയിൽനിന്നെത്തിയ യുപി സ്വദേശി, ഇടനിലക്കാരനും ബാർബർ ഷോപ്പിലെ ജോലിക്കാരനുമായ യുപി സ്വദേശി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കുട്ടിയെ നൽകാൻ പിതാവ് 1000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് സ്വന്തം കുഞ്ഞിനെ വിൽക്കാനുള്ള പ്രേരണ. ഇയാൾ നാലു വർഷമായി കുമ്മനത്ത് എത്തിയിട്ട്. അടുത്ത കാലത്ത് ആസാമിലേക്ക് മടങ്ങിയെങ്കിലും നാലു മാസം മുമ്പ് തിരികെയെത്തി.
അമ്മ ഒന്നര മാസം മുമ്പാണ് ഭർത്താവിനൊപ്പം എത്തിയത്. 12 ആളുകൾ താമസിക്കുന്ന ചെറിയ വീടിന്റെ പിന്നിലുള്ള മുറിയിലാണ് രണ്ട് കുട്ടികൾക്കൊപ്പം ഇവർ താമസിച്ചു വന്നത്. മറ്റുള്ളവരുടെ സഹായഹസ്തം കൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിഞ്ഞിരുന്നതെന്ന് വാർഡിലെ മുൻ
പഞ്ചായത്തംഗം തൽഹത്ത് ദീപികയോട് പറഞ്ഞു. കുട്ടിയെ ഏറ്റുവാങ്ങാൻ യുപി സ്വദേശിയുടെ ഭാര്യയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവർക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. അതിനാലാണ് ആൺകുഞ്ഞിനെ സ്വന്തമാക്കാനുള്ള ശ്രമം നടത്തിയത്. മൂന്നു പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.

