വാഷിംഗ്ടൺ ഡിസി: ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പാണ് ട്രംപിന്റെ തീരുമാനം.
റഷ്യയുടെയും ചൈനയുടെയും ആധുനിക ആണവപദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകിയത്. “മറ്റു രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ, നമ്മുടെ ആണവായുധങ്ങൾ തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ ഞാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും.’ -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഇന്നലെ, പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. സമുദ്ര തിരമാലകൾ സൃഷ്ടിച്ച് തീരപ്രദേശങ്ങളെ നശിപ്പിക്കാൻ ഇതിനു കഴിയുമെന്ന് സൈനിക വിശകലന വിദഗ്ധർ വിശദീകരിക്കുന്നു.
ട്രംപ് റഷ്യക്കെതിരേ നിലപാടു കൂടുതൽ കടുപ്പിച്ചതോടെ, ഈമാസം 21ന് പുതിയ ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിലൂടെയും 22ന് ആണവ വിക്ഷേപണ പരിശീലനങ്ങളിലൂടെയും പുടിൻ പരസ്യമായി തന്റെ ആണവശേഷി വ്യക്തമാക്കിയിരുന്നു.
1992ൽ ആണ് അമേരിക്ക അവസാനമായി ആണവായുധം പരീക്ഷിച്ചത്. 1945 ജൂലൈയിൽ ന്യൂ മെക്സിക്കോയിലെ അലമോഗോർഡോയിൽ 20 കിലോടൺ അണുബോംബ് പരീക്ഷിച്ചുകൊണ്ടാണ് അമേരിക്ക് ആണവയുഗത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 1945 ഓഗസ്റ്റിൽ, രണ്ടാം ലോകമഹായുദ്ധത്തിനിടെ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ പ്രയോഗിച്ചിരുന്നു.

