ഉത്തർപ്രദേശിൽ കാമുകിയെ കാണാൻ വീട്ടിലെത്തിയ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ബന്ധുക്കൾ. ഹമിർപുരിലെ പ്രാച് ഗ്രാമത്തിലാണു ദാരുണസംഭവം. രവി (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകി മനീഷ (18)യെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവെന്ന് അറിഞ്ഞാണ് രവി യുവതിയെ കാണാൻ വീട്ടിലെത്തിയത്.
എന്നാൽ, യുവാവിനെ പിടികൂടിയ ബന്ധുക്കൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. നാട്ടുകാരും ഇയാളെ മർദിച്ചു. അവശനിലയിലായ യുവാവ് വെള്ളം ആവശ്യപ്പെട്ടെങ്കിലും ആരും നൽകിയില്ല. ക്രൂരമർദനമേറ്റ രവി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രവിയെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
എന്നാൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പെൺകുട്ടിയുടെ അമ്മാവൻ പിന്റു(35) ജീവനൊടുക്കാൻ ശ്രമിച്ചു. രവിയുടെ മരണവാർത്ത അറിഞ്ഞ മനീഷയും ജീവനൊടുക്കാൻശ്രമിച്ചു. ഇരുവരും ഗുരുതര നിലയിലാണ്. എന്നാൽ പിന്റുവിനെ രവി ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ദളിത് യുവാവിന്റെ മരണം ഗ്രാമത്തിൽ വലിയ പ്രശ്നങ്ങൾക്കു വഴിവച്ചു. സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

