ദുബായ്: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു കീഴടക്കി ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയത്. ഫൈനല്‍ കളിച്ച ആറു താരങ്ങള്‍ ഉള്‍പ്പെടെയുള്ള 11 അംഗ ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്.
സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ഐസിസി ടീമിന്റെ നായിക. ടീമിലെ 12-ാമത് താരമായി ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ നാറ്റ്സ്കൈവര് ബ്രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 വനിതാ ഏകദിന ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റ് ഇവര്‍:
1. സ്മൃതി (ഇന്ത്യ)
റണ്‍സ്: 434 ശരാശരി: 54.25
ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 434 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന, ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന ബാറ്റിംഗാണ് കാഴ്ചവച്ചത്. ലോകകപ്പിലെ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനവും സ്മൃതിക്കാണ്. ന്യൂസിലന്ഡിനെതിരേ നവി മുംബൈയില്‍ 109 നേടിയതാണ് ഉയര്‍ന്ന സ്കോര്‍.
2. ലോറ വോള്‍വാര്‍ഡ് (ദക്ഷിണാഫ്രിക്ക)
റണ്‍സ്: 571 ശരാശരി: 71.37
രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 571 റണ്‍സ് നേടിയ ലോറ വോള്‍വാര്‍ഡാണ് ഐസിസി ടീം നായിക. സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ഇന്ത്യക്കെതിരേയും ലോറ സെഞ്ചുറി നേടി. ലോകകപ്പിലെ റണ്‍വേട്ടയില്‍ ഒന്നാമതും ലോറയാണ്.
3. ജെമീമ റോഡ്രിഗസ് (ഇന്ത്യ)
റണ്‍സ്: 292 ശരാശരി 58.40
ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമടക്കം ജെമീമ റോഡ്രിഗസ് നേടിയത് 292 റണ്‍സ്. സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ നേടിയ 127 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയപ്പോഴാണ്, അഞ്ചാം നമ്പര്‍ ബാറ്ററായ ജെമീമ ഈ ലോകകപ്പിലെ തന്റെ മികച്ച ഇന്നിംഗ്സുകള്‍ കാഴ്ചവച്ചതെന്നതും ശ്രദ്ധേയം.
4. മാരിസാന്‍ കാപ്പ് (ദക്ഷിണാഫ്രിക്ക)
റണ്‍സ്: 208 വിക്കറ്റ്: 12
അഞ്ചാം ലോകകപ്പ് കളിച്ച മാരിസാന്‍ കാപ്പ്, ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍വരെയുള്ള ജൈത്രയാത്രയില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ട് അര്‍ധസെഞ്ചുറി അടക്കം 208 റണ്‍സും 20.25 ശരാശരിയില്‍ 12 വിക്കറ്റും താരം സ്വന്തമാക്കി. സെമിയില്‍ അഞ്ച് വിക്കറ്റും 42 റണ്‍സും നേടിയിരുന്നു.
5. ആഷ് ഗാര്‍ഡ്നര്‍ (ഓസ്ട്രേലിയ)
റണ്‍സ്: 328 വിക്കറ്റ്: 07
രണ്ട് സെഞ്ചുറിയടക്കം 328 റണ്‍സ്, 37. 85 ശരാശരിയില്‍ ഏഴ് വിക്കറ്റും ആഷ് ഗാര്‍ഡ്നര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ 69 പന്തില്‍ നേടിയ സെഞ്ചുറി, ഈ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയാണ്.
6. ദീപ്തി ശര്‍മ (ഇന്ത്യ)
റണ്‍സ്: 215 വിക്കറ്റ്: 22
ബാറ്റും ബോളും കൊണ്ട് ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതാരമാണ് ദീപ്തി ശര്‍മ. 215 റണ്‍സും 22 വിക്കറ്റും വീഴ്ത്തിയ ദീപ്തിയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഫൈനലില്‍ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
7. അന്നബെല്‍ (ഓസ്ട്രേലിയ)
റണ്‍സ്: 117 വിക്കറ്റ്: 17
ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരിയാണ് അന്നബെല്‍. ലീഗ് റൗണ്ടില്‍ ഇന്ത്യക്കെതിരേ 40 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരേ പുറത്താകാതെ 98 റണ്‍സും നേടിയിരുന്നു.
8. നദീന്‍ (ദക്ഷിണാഫ്രിക്ക)
റണ്‍സ്: 208 വിക്കറ്റ്: 09
ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍വരെയുള്ള യാത്രയില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച താരമാണ് നദീന്‍ ഡി ക്ലെര്‍ക്ക്. ഒരു അര്‍ധസെഞ്ചുറിയടക്കം 208 റണ്‍സും 26.11 ശരാശരിയില്‍ ഒമ്പത് വിക്കറ്റും നദീന്‍ ഡി ക്ലെര്‍ക്ക് സ്വന്തമാക്കി.
9. സിദ്ര നവാസ് (പാക്കിസ്ഥാന്)
പുറത്താക്കല്‍: 08 റണ്‍സ്: 62
വിക്കറ്റ് കീപ്പര്‍ സ്ഥാനം പാക്കിസ്ഥാന്റെ സിദ്ര നവാസിന്. നാലു ക്യാച്ചും നാലു സ്റ്റംപിംഗും അടക്കം എട്ട് പുറത്താക്കല്‍ നടത്തി.
10. അലാന കിംഗ് (ഓസ്ട്രേലിയ)
വിക്കറ്റ്: 13 ശരാശരി: 17.38
അലാന കിംഗിന്റെ ലെഗ് സ്പിന്‍ എതിരാളികളെ ടൂര്‍ണമെന്റിലുടനീളം വട്ടംകറക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 18 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തി. ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച സ്പെല്ലായിരുന്നു അത്. പാക്കിസ്ഥാനെതിരേ അര്‍ധസെഞ്ചുറിയും അലാന കിംഗ് നേടിയിരുന്നു.
11. സോഫി എക്ലെസ്റ്റോണ്‍ (ഇംഗ്ലണ്ട്)
വിക്കറ്റ്: 16 ശരാശരി: 14.25
14.25 ശരാശരിയില്‍ 16 വിക്കറ്റ് സോഫി എക്ലെസ്റ്റോണ്‍ ലോകകപ്പില്‍ സ്വന്തമാക്കി. വെറും ഏഴു മത്സരങ്ങളില്നിന്നാണിത്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 44 റണ്‍സിന് നാല് വിക്കറ്റ് സ്വന്തമാക്കി.

