റിയാദ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു.
പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്.
പിയേഴ്സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്. അഭിമുഖം വിവാദമായതിനു പിന്നാലെ ക്ലബ്ബുമായി പരസ്പരധാരണയില്‍ റൊണാള്‍ഡോ വഴിപിരിഞ്ഞു. തുടര്‍ന്നാണ് നിലവിലെ ക്ലബ്ബായ സൗദി പ്രൊ ലീഗിലെ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
സിആര്‍7 Vs മെസി
2008 മുതല്‍ 2017വരെ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലുമായിരുന്നു റൊണാള്‍ഡോയും മെസിയും. ഇക്കാലയളവില്‍ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇരുവരും മത്സരിച്ച് പങ്കിട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗ് റൊണാള്‍ഡോ അഞ്ച് തവണ നേടിയപ്പോള്‍ മെസിക്കു നാല് പ്രാവശ്യമേ ലഭിച്ചുള്ളൂ. അതേസമയം, കരിയറില്‍ ഇതുവരെയായി ബലോണ്‍ ദോര്‍ പുരസ്കാരം റൊണാള്‍ഡോ അഞ്ച് പ്രാവശ്യം നേടിയപ്പോള്‍ മെസി എട്ട് തവണ സ്വന്തമാക്കി.
കരിയറില്‍ റൊണാള്‍ഡോ 952 ഗോള്‍ നേടിക്കഴിഞ്ഞു. മെസിക്കുള്ളത് 892 ഗോള്‍ മാത്രം. കരിയറില്‍ റൊണാള്‍ഡോ 259 അസിസ്റ്റ് നടത്തിയപ്പോള്‍ മെസിക്ക് 399 എണ്ണമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് 140ഉം മെസിക്ക് 129ഉം ഗോളാണ്. രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോ 143 ഗോള്‍ നേടിയപ്പോള്‍ മെസി 195 മത്സരങ്ങളില്‍നിന്ന് 114 ഗോള്‍ സ്വന്തമാക്കി. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന എന്ന ചരിത്രനേട്ടത്തിലേക്കു കുതിക്കുകയാണ് റൊണാള്‍ഡോ.

