ന്യൂയോർക്ക്: യുഎസ് നഗരമായ ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്താൻ അവസാന നിമിഷം ട്രംപിന്റെ അറ്റകൈ പ്രയോഗം. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്. മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി മംദാനി വിജയിച്ചാൽ ഏറ്റവും കുറഞ്ഞ തോതിൽ മാത്രമേ ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് അനുവദിക്കൂ. ഒരു കമ്യൂണിസ്റ്റ് തലപ്പത്ത് എത്തിയാൽ കാര്യങ്ങൾ വഷളാകും.
മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നത് എന്റെ ബോധ്യമാണ്- ട്രംപ് പറഞ്ഞു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ സൊഹ്റാൻ മംദാനിക്കാണ് തെരഞ്ഞെടുപ്പിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ആൻഡ്രൂ കുമോ സ്വതന്ത്ര സ്ഥാനാർഥിയാണ്. കർട്ടിസ് സ്ലിവയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി. ഇന്ത്യക്കാരിയായ സിനിമാ സംവിധായിക മീര നായരുടെയും മഹമൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിനാലുകാരനായ മംദാനി. യുഗാണ്ടയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്. നിലവിൽ ന്യൂയോർക്ക് സ്റ്റേറ്റ് അംസബ്ലി അംഗമാണ്.

