ദാർസലാം: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ അധികാരമേറ്റു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ. രണ്ടാം തവണയാണ് സാമിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തലസ്ഥാനമായ ഡൊഡോമയിലെ സൈനിക പരേഡ് ഗ്രൗണ്ടിലാണു ചടങ്ങുകൾ നടന്നത്.
പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ശനിയാഴ്ചയാണ് സാമിയയെ വിജയിയായി പ്രഖ്യാപിച്ചത്. 98 ശതമാനം വോട്ടുകൾ നേടിയായിരുന്നു വിജയം. പ്രധാന എതിർ സ്ഥാനാർഥികളെ ജയിലിലടയ്ക്കുകയോ മത്സരിക്കുന്നതിൽനിന്നു വിലക്കുകയോ ചെയ്തതിനാൽ കാര്യമായ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നില്ല.
29നാണു തെരഞ്ഞെടുപ്പു നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസപ്പെടുത്തുകയും ചെയ്തതോടെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വെടിയേറ്റാണു നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടത്.

